മുതിർന്ന കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെ. മൊയ്‌തീൻകുട്ടി ഹാജി അന്തരിച്ചു; ആദരസൂചകമായി സ്കൂളിന് അവധി

കാസർകോട്: പൊതുമരാമത്ത് കരാറുകാരനും മുതിർന്ന കോൺഗ്രസ് നേതാവും പൗരപ്രമുഖനുമായ ചട്ടഞ്ചാലിലെ പട്ടുവത്തിൽ കെ. മൊയ്‌തീൻകുട്ടി ഹാജി (92) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ കാസർകോട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം.

ചെമ്മനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന അദ്ദേഹം പ്രദേശത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു. ചട്ടഞ്ചാൽ എൻജിനീയറിങ് ഇൻഡസ്ട്രീസ് ഉടമയാണ്.

ദീർഘകാലം ചട്ടഞ്ചാൽ ജുമാ മസ്ജിദ് പ്രസിഡന്റായും കീഴൂർ സംയുക്ത ജമാഅത്ത് ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിന്റെ മുൻ മാനേജർ കൂടിയായിരുന്ന അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ന് (ബുധൻ) സ്കൂളിന് അവധി പ്രഖ്യാപിച്ചു.

വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃപദവികൾ വഹിച്ചിട്ടുള്ള കെ. മൊയ്‌തീൻകുട്ടി ഹാജിയുടെ വേർപാടിൽ പ്രദേശത്തെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *