കാസർകോട്: ഉക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെ ഉണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ടിലെ നാവികൻ അഖിൽ ജോയലിന്റെ വസതി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. അഖിലിന്റെ മാതാപിതാക്കളായ ജോയൽ, സാലി എന്നിവരെയും ബന്ധുക്കളെയും കളക്ടർ നേരിൽ കണ്ട് അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
മരണം സ്ഥിരീകരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ടെന്ന് കളക്ടർ വ്യക്തമാക്കി. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി സംസ്ഥാന സർക്കാറും നോർക്കയും ചേരുമ്പടി നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അദ്ദേഹം കുടുംബത്തെ അറിയിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ പൂർണ്ണ സഹകരണം
ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവിടെനിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉടനടി കുടുംബത്തിന് കൈമാറുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. അഖിലിന്റെ കുടുംബത്തിന് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന്റെ പൂർണ്ണ സഹകരണവും പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. വെള്ളരിക്കുണ്ട് തഹസിൽദാർ കെ.ബി. രാമു, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ എന്നിവരും കളക്ടർക്കൊപ്പം വീട്ടിലെത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് അഖിലിന്റെ മരണവിവരം വീട്ടുകാർക്ക് ലഭിക്കുന്നത്.
ആക്രമണം ‘ഗോൾഡൻ ലിയോ’ കപ്പലിന് നേരെ
ഭക്ഷ്യധാന്യങ്ങൾ നിറച്ച് യാത്ര തിരിച്ച ‘ഗോൾഡൻ ലിയോ’ എന്ന ചരക്കുകപ്പലിന് നേരെയാണ് റഷ്യൻ മിസൈൽ ആക്രമണമുണ്ടായത്. കപ്പലിൽ ഇന്ത്യൻ, സിറിയൻ നാവികരാണ് ഉണ്ടായിരുന്നത്. ആക്രമണത്തിൽ അഖിൽ ജോയൽ ഉൾപ്പെടെ 10 നാവികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്
സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്താൻ നോർക്കയെ (NORKA) ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റഷ്യൻ കോൺസുലേറ്റുമായും കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കാനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും നോർക്കയ്ക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.













Leave a Reply