അധികൃതർ കൈമലർത്തി; നീലേശ്വരം കോൺവെന്റ് കവലയിലെ വൻ കുഴികളടക്കാൻ ഇറങ്ങി അച്ഛനും മകനും മാതൃകയായി

നീലേശ്വരം: റോഡിലെ കുണ്ടും കുഴിയും കാരണം യാത്രക്കാർ ദുരിതത്തിലായിട്ടും അധികൃതർ ഇടപെടാത്തതിനെ തുടർന്ന് സ്വന്തം നിലയിൽ അറ്റകുറ്റപ്പണിക്കിറങ്ങി അച്ഛനും മകനും മാതൃകയാകുന്നു. നീലേശ്വരം കോൺവെന്റ് കവലയിലെ വൻ കുഴികളാണ് പേരോൽ സ്വദേശിയായ എൻ. ബാലകൃഷ്ണനും ഫാർമസി ഡിപ്ലോമധാരിയായ മകൻ അമലും ചേർന്ന് താല്കാലികമായി മൂടിയത്.

വെട്ടുകല്ലും ചെങ്കൽ ചീളുകളും സ്വന്തം നിലയ്ക്ക് എത്തിച്ചാണ് ഇരുവരും ചേർന്ന് റോഡിലെ അപകടാവസ്ഥ ഒഴിവാക്കാൻ മുന്നിട്ടിറങ്ങിയത്. ഒരു മീറ്ററോളം ആഴമുള്ള വലിയ കുഴികൾ വരെ ഈ ഭാഗത്ത് രൂപപ്പെട്ടിരുന്നു. ഇത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും വലിയ രീതിയിൽ അപകട ഭീഷണിയാണ് ഉയർത്തിയിരുന്നത്.

നീലേശ്വരം-എടത്തോട് റോഡിന്റെ ഭാഗമായ ഇവിടെ റോഡ് നിർമാണ പദ്ധതി പ്രതിസന്ധിയിലായതാണ് സ്ഥിതിഗതികൾ ഇത്രയും രൂക്ഷമാകാൻ കാരണം. ഈ റോഡിന്റെ ദുർഘടമായ അവസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഇരുവരും രംഗത്തിറങ്ങിയത്. ഇവരുടെ ഈ സൽപ്രവൃത്തിയെ പ്രശംസിച്ച് നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *