കാസർകോട്: മാസങ്ങളുടെ ഇടവേളകൾക്ക് ശേഷം ബന്തടുക്ക മാണിമൂല, ശ്രീമല മേഖലകളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായാണ് ശ്രീമലയിൽ രണ്ട് കാട്ടാനകൾ എത്തിയത്. ജനവാസ മേഖലയിലിറങ്ങിയ ആനക്കൂട്ടം പ്രദേശത്തെ കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്.
ശ്രീമലയിലെ കർഷകനായ ജോസ് വർക്കിയുടെ തോട്ടത്തിലാണ് കാട്ടാനകൾ പ്രധാനമായും നാശം വിതച്ചത്. കൃഷിയിടത്തിലെ കമുകും മറ്റ് ഫലവൃക്ഷങ്ങളും ആനകൾ കുത്തിമറിച്ചും തിന്നും നശിപ്പിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ആനകൾ കർഷകരുടെ പ്രധാന വരുമാന മാർഗ്ഗങ്ങളായ തെങ്ങ്, കവുങ്ങ്, വാഴ, കപ്പ തുടങ്ങിയ നിരവധി വിളകളാണ് ചവിട്ടിമെതിച്ചും പിഴുതെറിഞ്ഞും നശിപ്പിച്ചത്.
കർണാടക വനമേഖലയിൽ നിന്നെത്തിയ ആനക്കൂട്ടമാണ് പ്രദേശത്ത് കൃഷി നശിപ്പിക്കുന്നതെന്നാണ് നിഗമനം. കൃഷിയിടങ്ങളിൽ പരക്കെ ആനപ്പിണ്ടവും കാൽപ്പാടുകളും കാണാം. കാട്ടാനകളുടെ സാന്നിധ്യം കാർഷിക മേഖലയെ തകർത്തതിന് പുറമെ പ്രദേശവാസികളുടെ ജീവനും കടുത്ത ഭീഷണിയുയർത്തുന്നുണ്ട്.
വന്യമൃഗശല്യം പതിവാകുന്നത് തടയാൻ വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും, കാട്ടാനകളുടെ ആക്രമണത്തിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കാൻ അധികൃതർ തയ്യാറാകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.













Leave a Reply