മട്ടന്നൂർ: കെ.ജി.സി.ഇ പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച പൈവളിഗെ സ്വദേശി അറസ്റ്റിൽ. മഞ്ചേശ്വരം പൈവളിഗെ കുരുടപ്പദവിലെ സദൻഗയ ഹൗസിൽ എസ്. ജനാർദ്ദനനെ (36) ആണ് കൂത്തുപറമ്പ് എ.സി.പി സിബി ടോമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ജൂലൈ ഒന്നിന് മട്ടന്നൂർ പോളിടെക്നിക്കിൽ നടന്ന കേരള ഗവ. സർട്ടിഫിക്കറ്റ് എക്സാമിനേഷനിലാണ് (കെ.ജി.സി.ഇ) തട്ടിപ്പ് നടന്നത്.
കെ.എസ്.ഇ.ബി വൊർക്കാടി സെക്ഷനിലെ താൽക്കാലിക ജീവനക്കാരനാണ് പിടിയിലായ ജനാർദ്ദനൻ. ജോലി സ്ഥിരപ്പെടുന്നതിന് ഈ പരീക്ഷ ജയിക്കണമായിരുന്നു. ഇതിനായി പരീക്ഷയ്ക്ക് മുന്നോടിയായി കണ്ണൂർ മോഡേൺ ഐ.ടി.ഐയിൽ നടന്ന പ്രത്യേക ക്ലാസിൽ ഇയാൾ പങ്കെടുത്തിരുന്നു.
അധ്യാപകൻ ഒളിവിൽ, ചോദ്യങ്ങൾ നൽകിയത് വാട്സ്ആപ്പ് വഴി
ഈ സ്ഥാപനത്തിലെ അധ്യാപകനായ വടകര സ്വദേശി സുരേഷ് ബാബുവാണ് ജനാർദ്ദനന് മൊബൈൽ ഫോണിലൂടെ ഉത്തരങ്ങൾ നൽകിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ജനാർദ്ദനൻ അറസ്റ്റിലായ വിവരമറിഞ്ഞ് സുരേഷ് ബാബു ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
സുരേഷ് ബാബു അഡ്മിനായുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പരീക്ഷാർത്ഥികൾക്ക് ഉത്തരങ്ങൾ കൈമാറിയത്. പരീക്ഷാ ഹാളിലെ സൂപ്പർവൈസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
മറ്റു പരീക്ഷാർത്ഥികളും നിരീക്ഷണത്തിൽ
ജനാർദ്ദനനെ കൂടാതെ മറ്റ് 21 പേർ കൂടി ഈ ഗ്രൂപ്പിലുള്ളവർ പരീക്ഷ എഴുതിയിട്ടുണ്ട്. ഇവർക്കും ഇതേ രീതിയിൽ ഉത്തരങ്ങൾ ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ പോലീസിന് ശക്തമായ സംശയമുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
എ.സി.പി ഓഫീസിലെ കെ. സുനിൽ കുമാർ, വി. വിനീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ പി. ജോഷിത്ത്, സ്ക്വാഡ് അംഗങ്ങളായ സുധീഷ്, ദീപേഷ്, ബിജേഷ്, പ്രജീഷ്, ഷമീർ എന്നിവരും പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.













Leave a Reply