ഉദുമ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി; യു.ഡി.എഫിന്റെ അവിശ്വാസപ്രമേയം പാസായി

കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി. സി.പി.എമ്മിലെ പി.വി. രാജേന്ദ്രനെതിരേ യു.ഡി.എഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണിത്. 11-നെതിരേ 12 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്.

അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ വൈസ് പ്രസിഡൻ്റ് ഫൗസിയ അബ്ദുല്ലയ്ക്കായിരിക്കും പ്രസിഡന്റിന്റെ താൽക്കാലിക ചുമതല. ആകെ 23 അംഗങ്ങളുള്ള ഉദുമ പഞ്ചായത്തിൽ യു.ഡി.എഫിന് 12-ഉം എൽ.ഡി.എഫിന് 11-ഉം അംഗങ്ങളാണുള്ളത്.

നേരത്തെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിന്റെ പിറകിൽ ഒപ്പില്ലാത്തതിനാൽ യു.ഡി.എഫിൻ്റെ പ്രസിഡൻ്റ് സ്ഥാനാർഥി എൻ. ചന്ദ്രന്റെ വോട്ട് അസാധുവായിരുന്നു. ഇതോടെ ഇരുവർക്കും 11 വീതം വോട്ടുകൾ ലഭിക്കുകയും, തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെ സി.പി.എമ്മിലെ പി.വി. രാജേന്ദ്രൻ പ്രസിഡന്റാവുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് ഭൂരിപക്ഷം തെളിയിക്കാൻ യു.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.

ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ യു.ഡി.എഫിലെ സിയാസ് കാപ്പിൽ ആണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. തുടർന്ന് 45 മിനിട്ടോളം നീണ്ട ചർച്ചയ്ക്ക് ശേഷമാണ് വോട്ടെടുപ്പ് നടന്നത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സി. അജിത, അസി. സെക്രട്ടറി വി.വി. ശശി, പി.എം. സുരേന്ദ്രനാഥ്, എസ്.കെ. ശാലിനി, ടി. പരമേശ്വരൻ എന്നിവർ വോട്ടെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *