മൊഗ്രാൽ വധശ്രമക്കേസ്: യുവതിയുൾപ്പെടെ നാല് പേർ കസ്റ്റഡിയിൽ

കാസർകോട്: കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊഗ്രാലിൽ യുവാവിനെ തടഞ്ഞുനിർത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ യുവതി ഉൾപ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് നാഗപട്ടണം സ്വദേശികളായ ശരവണ, ലിംഗം, മാരി എന്നിവരടക്കമുള്ള നാലംഗ സംഘത്തെയാണ് പൊലീസ് ചോദ്യം ചെയ്തുവരുന്നത്.

കർണ്ണാടക ഹുബ്ലി സ്വദേശിയും നിലവിൽ മൊഗ്രാൽ കൊപ്പളത്ത് താമസക്കാരനുമായ തേപ്പ് മേസ്‌തിരി അബ്ദുൽ ഗഫൂറിൻ്റെ പരാതിയിലാണ് കുമ്പള പൊലീസ് വധശ്രമത്തിന് കേസെടുത്തത്. 45-കാരനായ അബ്ദുൽ ഗഫൂറിന് അക്രമത്തിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെ കൊപ്പളം റെയിൽവെ അടിപ്പാതയ്ക്ക് സമീപത്ത് വച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം. പുലർച്ചെ അബ്ദുൽ ഗഫൂറിൻ്റെ നിലവിളി കേട്ടെത്തിയ പരിസരവാസികളാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തി ഉടൻ തന്നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നിന്നും പ്രഥമശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തേപ്പ് ജോലിയെടുത്ത വകയിൽ തനിക്ക് ലഭിക്കാനുള്ള 3000 രൂപ ചോദിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്നാണ് അബ്ദുൽ ഗഫൂറിൻ്റെ മൊഴി. പണം നൽകാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികൾ തന്നെ തടഞ്ഞുനിർത്തി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ഇദ്ദേഹം പൊലീസിനോട് പറഞ്ഞു.

എന്നാൽ, തങ്ങൾ കുറ്റകൃത്യം നടത്തിയിട്ടില്ലെന്നാണ് കസ്റ്റഡിയിലുള്ള പ്രതികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പരസ്പരവിരുദ്ധമായ മൊഴികൾ പുറത്തുവന്നതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിൻ്റെ തീരുമാനം. ഇതിൻ്റെ ഭാഗമായി ദേശീയപാതയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. കാസർകോട് എഎസ്‌പി അച്യുത് അശോക് കുമ്പള സ്റ്റേഷനിലെത്തി കസ്റ്റഡിയിൽ കഴിയുന്നവരെ നേരിട്ട് ചോദ്യം ചെയ്തു. സംഭവത്തിൽ കുമ്പള പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *