വൈദ്യുതി ലൈനുകൾക്ക് താഴെ ഇനി ഔഷധവനം; മുള്ളേരിയയിൽ 32,500-ലധികം തൈകൾ നട്ടുപിടിപ്പിക്കാൻ വനംവകുപ്പ്‌

കാസർഗോഡ്: മുള്ളേരിയയിൽ നിർമ്മാണം പുരോഗമിക്കുന്ന ഉഡുപ്പി-കരിന്തളം 400 കെവി വൈദ്യുതി ലൈനിനായി മരങ്ങൾ മുറിച്ചുമാറ്റിയ സംരക്ഷിത വനഭൂമി ഇനി പച്ചപ്പണിഞ്ഞ് ഔഷധത്തോട്ടമാകും. വരിയായി നിൽക്കുന്ന വൻമരങ്ങൾക്ക് പകരം ഉയരം കുറഞ്ഞതും ഒട്ടനവധി ഔഷധഗുണങ്ങളുള്ളതുമായ 32,500-ലധികം തൈകളാണ് ഇവിടെ വനംവകുപ്പ് നട്ടുപിടിപ്പിക്കുന്നത്. പരിസ്ഥിതി പുനഃസ്ഥാപനത്തോടൊപ്പം വനസംരക്ഷണവും ലക്ഷ്യമിട്ടാണ് വനംവകുപ്പിന്റെ ഈ മാതൃകാപരമായ നീക്കം.

പദ്ധതിക്കായി കാറഡുക്ക സെക്ഷൻ പരിധിയിൽ വരുന്ന 13 ഹെക്ടർ വനഭൂമിയാണ് വനംവകുപ്പ് വിട്ടുനൽകിയിട്ടുള്ളത്. 3.6 കിലോമീറ്റർ നീളത്തിലും 36 മീറ്റർ വീതിയിലുമാണ് വൈദ്യുതി ലൈൻ കടന്നുപോകാൻ വനത്തിൽ നിന്ന് മരങ്ങൾ മുറിച്ചത്. ഇതിൽ ഭൂരിഭാഗവും അക്കേഷ്യ മരങ്ങളായിരുന്നു. ഈ സ്ഥലത്താണ് ഇനി ഔഷധ മൂല്യമുള്ള തൈകൾ വളരുക.

കേന്ദ്ര നിർദേശം പാലിച്ച് ഉയരം കുറഞ്ഞ മരങ്ങൾ വൈദ്യുതി ലൈനുകളിൽ മരങ്ങൾ തട്ടാതിരിക്കാൻ ലൈനുകളുടെ ചുവട്ടിൽ ഉയരം കുറഞ്ഞ മരങ്ങൾ മാത്രമേ നടാൻ പാടുള്ളൂ എന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശന നിർദേശം. ഇതനുസരിച്ചാണ് അശോകം, നെല്ലി, പേര, കുമ്പിൾ, ഇലഞ്ഞി, ഞാവൽ തുടങ്ങിയ ഇനങ്ങൾ നടാൻ തീരുമാനിച്ചതെന്ന് ഡി.എഫ്.ഒ ജോസ് മാത്യു അറിയിച്ചു.

അതത് പ്രദേശങ്ങളിലെ വനസംരക്ഷണ സമിതികളുടെ (VSS) നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും തൈകൾ നടുന്നതും പരിപാലിക്കുന്നതും. വരുന്ന നവംബർ, ഡിസംബർ മാസങ്ങളിലായി തൈകൾ ഉൽപ്പാദിപ്പിക്കുകയും, അടുത്ത വർഷം ജൂൺ മാസത്തിൽ (വർഷകാലാരംഭത്തിൽ) ഇവ പൂർണ്ണമായും വെച്ചുപിടിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പകരം ഭൂമി കമ്മാടം കാവിൽ വൈദ്യുതി ലൈൻ പദ്ധതിക്കായി വനഭൂമി ഏറ്റെടുത്തതിന് പകരമായി ‘കമ്മാടം കാവിൽ’ വനംവകുപ്പിന് ബദൽ ഭൂമി നൽകിയിരുന്നു. കൂടാതെ, കാട്ടിൽ നിന്നും മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരമായി പുതിയവ വെച്ചുപിടിപ്പിക്കുന്നതിനുള്ള തുക വനംവകുപ്പ് മുൻകൂറായി തന്നെ അധികൃതരിൽ നിന്നും ഈടാക്കിയിട്ടുണ്ട്. കരിഞ്ഞുണങ്ങിയ മൊട്ടക്കുന്നുകളായി മാറാതെ, ലൈനുകൾക്ക് താഴെയുള്ള ഭൂമി പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ മാറ്റിയെടുക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *