മംഗളൂരുവിൽ എടിഎം കൗണ്ടറിന്റെ ചില്ല് ദേഹത്തേക്ക് വീണ് കാഞ്ഞങ്ങാട് സ്വദേശിയായ ബാങ്ക് ജീവനക്കാരൻ മരിച്ചു

കാസർകോട്: മംഗളൂരുവിൽ എടിഎം കൗണ്ടറിന്റെ ചില്ല് തകർന്ന് ദേഹത്തേക്ക് വീണ് കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ ബാങ്ക് ജീവനക്കാരൻ ദാരുണമായി മരണപ്പെട്ടു. കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമത്തിന് സമീപം താമസിക്കുന്ന ബാലകൃഷ്ണൻ (56) ആണ് മരിച്ചത്. കർണ്ണാടക കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മംഗളൂരു ശാഖയിലെ അറ്റന്ററാണ് ഇദ്ദേഹം.

കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞതിന് ശേഷം ബാങ്കിന് സമീപമുള്ള എടിഎം കൗണ്ടറിൽ കയറിയപ്പോഴായിരുന്നു അപകടം. കൗണ്ടറിനുള്ളിൽ വെച്ച് കാൽ തെന്നി വീഴുന്നതിനിടെ എടിഎമ്മിന്റെ ഭാരമേറിയ ഗ്ലാസ് ഡോർ തകർന്ന് ബാലകൃഷ്ണന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

അപകടം നടന്ന് ഏറെ നേരം കഴിഞ്ഞാണ് എടിഎമ്മിലെത്തിയ മറ്റ് ഇടപാടുകാർ ചോര വാർന്ന നിലയിൽ ബാലകൃഷ്ണനെ കൗണ്ടറിനുള്ളിൽ കണ്ടെത്തിയത്. ഉടൻ തന്നെ മംഗളൂരുവിലെ വെൻലോക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ ജീവൻ രക്ഷിക്കാനായില്ല. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ബാലകൃഷ്ണൻ കാഞ്ഞങ്ങാട്ടെ വീട്ടിൽ എത്തിയിരുന്നത്. മറ്റ് ദിവസങ്ങളിൽ മംഗളൂരുവിൽ തന്നെയായിരുന്നു താമസം.

നിത്യാനന്ദ ആശ്രമത്തിന് സമീപത്തെ പരേതരായ ദാമോദര-സരോജിനി ദമ്പതികളുടെ മകനാണ്.

  • ഭാര്യ: ഭാരതി.
  • ഏക മകൾ: ശ്രദ്ധ.
  • സഹോദരങ്ങൾ: ദിനകരൻ, ബാലചന്ദ്രൻ (ഇരുവരും മംഗളൂരുവിൽ ബാങ്ക് ജീവനക്കാരാണ്), ചന്ദ്രഹാസ.

പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് (ബുധനാഴ്ച) ഉച്ചയോടെ കാഞ്ഞങ്ങാട്ടെ വീട്ടിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *