മേൽപ്പറമ്പിൽ ഓടിക്കൊണ്ടിരുന്ന കൂറ്റൻ ക്രെയിൻ ട്രക്കിന് തീപിടിച്ചു; ഫയർഫോഴ്സ് ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

കാസർകോട്: ദേശീയപാതയിൽ മേൽപ്പറമ്പിൽ കൂറ്റൻ ക്രെയിൻ ഘടിപ്പിച്ച ട്രക്കിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു. ഇന്ന് (തിങ്കളാഴ്ച) പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. 24 ടയറുകളുള്ള, 500 ടൺ ഭാരം ഉയർത്താൻ ശേഷിയുള്ള കൂറ്റൻ ക്രെയിൻ വഹിച്ചിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് സമയബന്ധിതമായി ഇടപെട്ട് തീയണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

അപകടം മടക്കയാത്രയ്ക്കിടെ

ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പടന്നക്കാട് റെയിൽവെ മേൽപ്പാലത്തിൻ്റെ ഗർഡറുകൾ ഉയർത്തുന്ന ജോലി പൂർത്തിയാക്കി മടങ്ങുകയായിരുന്നു ട്രക്ക്. ആന്ധ്രാപ്രദേശ് സ്വദേശിയായ നാരായണ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭീമൻ ക്രെയിനും ട്രക്കും. പുലർച്ചെ മേൽപ്പറമ്പിൽ എത്തിയപ്പോൾ ട്രക്കിൻ്റെ മുൻഭാഗത്തുനിന്ന് പെട്ടെന്ന് തീപടരുകയായിരുന്നു.

ഡ്രൈവറുടെ കൃത്യസമയത്തെ ഇടപെടൽ

മുൻഭാഗത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്രൈവർ സമയോചിതമായി ലോറി നിർത്തി ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. കാസർകോട്ടുനിന്ന് ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി.

സീനിയർ ഫയർ ആൻ്റ് റെസ്‌ക്യു ഓഫീസർ വി.എം. സതീശൻ്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ എച്ച്. ഉമേശൻ, എം.എ. വൈശാഖ്, പി.സി. മുഹമ്മദ് സിറാജ്, ടി.എസ്. ജുബിൻ, വി.കെ. ഷൈജു, എ. രാജേന്ദ്രൻ, ഹോം ഗാർഡ് രാജേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സ്ഥലത്തെത്തി തീയണച്ചത്.

“യഥാസമയം തീയണക്കാൻ കഴിഞ്ഞതുകൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവാക്കാനായത്. ഭീമൻ ക്രെയിൻ ആയതിനാൽ തീ പടർന്നിരുന്നെങ്കിൽ നാശനഷ്ടം വളരെ വലുതാകുമായിരുന്നു.” – ഫയർഫോഴ്‌സ് അധികൃതർ

Leave a Reply

Your email address will not be published. Required fields are marked *