കുമ്പള: നൂറുകണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും നിത്യേന സഞ്ചരിക്കുന്ന കുമ്പള ഗവ. ഹൈസ്‌കൂൾ റോഡ് ഇപ്പോൾ വലിയൊരു അപകടഭീതിയുടെ നിഴലിലാണ്. ഏതുനിമിഷവും റോഡിലേക്ക് ഇടിഞ്ഞുവീഴാൻ പാകത്തിൽ നിൽക്കുന്ന സ്‌കൂൾ ചുറ്റുമതിൽ നാട്ടുകാരെയും രക്ഷിതാക്കളെയും ഒരുപോലെ ഭയപ്പെടുത്തുന്നു. പകൽ സമയത്താണ് ഈ മതിൽ തകർന്നുവീഴുന്നതെങ്കിൽ അത് വലിയൊരു ദുരന്തത്തിന് വഴിമാറ്റുമെന്നാണ് നാട്ടുകാർ ഒന്നടങ്കം മുന്നറിയിപ്പ് നൽകുന്നത്.
പരാതികൾ വനരോദനം; തിരിഞ്ഞുനോക്കാതെ അധികൃതർ
മതിലിന്റെ അപകടാവസ്ഥയെക്കുറിച്ച് നാട്ടുകാരും ജനപ്രതിനിധികളും ആവർത്തിച്ച് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാൻ അവർ തയ്യാറാകുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ആവലാതികൾ കേൾക്കാൻ പോലും ബന്ധപ്പെട്ടവർ തയ്യാറാവുന്നില്ലെന്ന് നാട്ടുകാർ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തുന്നു.
അഴിമതി ആരോപണം; നടപടിയുമില്ല, നവീകരണവുമില്ല
കുമ്പള ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ, ഗവ. സീനിയർ ബേസിക് സ്‌കൂൾ എന്നിവയുടെ ഗ്രൗണ്ടിന്റെ ചുറ്റുമതിൽ നേരത്തെ തന്നെ ഭാഗികമായി തകർന്നു വീണിരുന്നു. അശാസ്ത്രീയമായ നിർമ്മാണവും വ്യാപകമായ ക്രമക്കേടുമാണ് മതിൽ തകരാൻ കാരണമെന്ന് അന്ന് തന്നെ ആക്ഷേപമുയർന്നതാണ്. മതിൽകെട്ടിയ കരാറുകാരനും അതിന് കൂട്ടുനിന്ന മരാമത്ത് ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും ശക്തമായിരുന്നു. എന്നാൽ, ഈ പരാതികളെല്ലാം ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ തള്ളിക്കളയുന്ന സമീപനമാണ് അധികൃതർ സ്വീകരിച്ചത്.
മഴ ശക്തമായാൽ മതിൽ താഴേക്ക്; അടിയന്തിര ഇടപെടൽ വേണം
നിലവിൽ ഇടിഞ്ഞു വീണ മതിലിനോട് ചേർന്നുള്ള ഭാഗം പൂർണ്ണമായും റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന അവസ്ഥയിലാണ്. കാലവർഷം ശക്തമാകുന്നതോടെ ഈ ഭാഗം പൂർണ്ണമായും ഇടിഞ്ഞു താഴേക്ക് പതിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
ഒരു അപകടം സംഭവിച്ചതിന് ശേഷം മാത്രം ‘ഞെട്ടൽ’ രേഖപ്പെടുത്താനും അന്വേഷണം പ്രഖ്യാപിക്കാനും കാത്തുനിൽക്കാതെ, വിലപ്പെട്ട മനുഷ്യജീവനുകൾക്ക് കാവലാകാൻ അധികൃതർ സത്വര നടപടികൾ സ്വീകരിക്കണമെന്നാണ് നിലവിലെ ആവശ്യം. ഈ അപകടാവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണാൻ പൊതുമരാമത്ത്-വിദ്യാഭ്യാസ വകുപ്പുകൾ തയ്യാറാകണം.













Leave a Reply