കാഞ്ഞങ്ങാട്ട് വാഹനപരിശോധനയ്ക്കിടെ അപകടം; നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് പൊലീസുകാർക്ക് പരിക്ക്

കാസർകോട്: കാഞ്ഞങ്ങാട്ട് ദേശീയപാതയിൽ ഹൈവേ പട്രോളിങ് സംഘത്തിന് നേരെ കാർ പാഞ്ഞുകയറി രണ്ട് പൊലീസുകാർക്ക് പരിക്ക്. വാഹനപരിശോധന നടത്തിക്കൊണ്ടിരുന്ന പൊലീസുകാരായ സൂരജ്, അലോഷി എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കാഞ്ഞങ്ങാട് ഐങ്ങോത്ത് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി ദേശീയപാതയിൽ വാഹനങ്ങൾ പരിശോധിച്ച് വരികയായിരുന്നു പൊലീസ് സംഘം. ഇതിനിടയിലേക്ക് നിയന്ത്രണം വിട്ടെത്തിയ കാർ പൊലീസുകാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിലും കാർ ഇടിച്ചു കയറി.

പരിക്കേറ്റ പൊലീസുകാരെ ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *