കാഞ്ഞങ്ങാട്: ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി കാഞ്ഞങ്ങാട്ട് വീണ്ടും മയക്കുമരുന്ന് വേട്ട. മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി (MDMA) യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറങ്ങാടി ബാക്കോട്ടെ ബി.കെ. ജംഷീർ (31) ആണ് ഹൊസ്ദുർഗ് പോലീസിന്റെയും ഡാൻസാഫിന്റെയും (DANSAF) സംയുക്ത പരിശോധനയിൽ പിടിയിലായത്.
ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചായിരുന്നു അറസ്റ്റ്. ഇയാളിൽ നിന്ന് 0.890 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. സിഗരറ്റ് പാക്കറ്റിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ചു സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
പ്രദേശത്ത് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരം ഡാൻസാഫ് അംഗങ്ങൾക്ക് മുൻകൂട്ടി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിരീക്ഷണം ശക്തമാക്കിയ ലഹരിവിരുദ്ധ സ്ക്വാഡ്, സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ജംഷീറിനെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് വിവരം ഹൊസ്ദുർഗ് പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് പ്രതിയുടെ പക്കൽ നിന്നും ലഹരിമരുന്ന് കണ്ടെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.
ഡാൻസാഫ് അംഗങ്ങളായ സനീഷ് കുമാർ, ജ്യോതിഷ്, സുരേഷ്, ജയേഷ്, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രദേശത്ത് ലഹരിമാഫിയക്കെതിരെയുള്ള കർശന പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.














Leave a Reply