ഹൊസങ്കടിയിൽ ലോഡ്‌ജിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ മഞ്ചേശ്വരം പൊലീസിന്റെ പിടിയിൽ

കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടിയിലെ ലോഡ്ജ് മുറിയിൽ നടത്തിയ മിന്നൽ റെയ്ഡിൽ മയക്കുമരുന്നും കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാവൂർ മച്ചമ്പാടി പള്ളത്തെ അഹമ്മദ് സൈഫുദ്ദീൻ (21), ഹൊസബെട്ടു ഗുഡ്ഡഗേരി ഹൗസിലെ മുഹമ്മദ് മുസ്‌താഖ് (36) എന്നിവരെയാണ് മഞ്ചേശ്വരം എസ്ഐ കെ.ആർ. ഉമേശനും സംഘവും ചേർന്ന് പിടികൂടിയത്.

തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു പ്രദേശത്തെ പ്രമുഖ ലോഡ്ജിൽ പൊലീസിന്റെ അപ്രതീക്ഷിത പരിശോധന. ലഹരിവസ്തുക്കൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം റെയ്ഡിനെത്തിയത്. ലോഡ്ജ് മുറിയിലെ കിടക്കയിലെ തലയണക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നും 1.61 ഗ്രാം എംഡിഎംഎയും 38.33 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു.

പിടിയിലായ അഹമ്മദ് സൈഫുദ്ദീൻ സ്ഥിരം കുറ്റവാളി

അറസ്റ്റിലായ പ്രതികളിൽ ഒരാളായ അഹമ്മദ് സൈഫുദ്ദീൻ മുൻപും സമാനമായ കേസുകളിൽ പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മുൻപ് രണ്ട് ലഹരിക്കേസുകൾ നിലവിലുണ്ട്. ഇതിലൊന്ന് എംഡിഎംഎ ഉപയോഗിച്ചതിനും മറ്റൊന്ന് മയക്കുമരുന്ന് കൈവശം വെച്ചതിനുമാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

പ്രതികളെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മേഖലയിലെ ലഹരി മാഫിയക്കെതിരെ പരിശോധനകൾ ശക്തമാക്കുമെന്നും മഞ്ചേശ്വരം പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *