കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ഞായറാഴ്ച പുലർച്ചെ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 1.87 കോടി രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് പിടികൂടി. കാസർകോട് കുമ്പള അരീക്കണ്ടി സ്വദേശിയായ അബ്ദുൾ റഷീദ് (24) ആണ് പിടിയിലായത്. 1281.7 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. മിശ്രിതരൂപത്തിലുള്ള സ്വർണം നാല് ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
എമിഗ്രേഷനിൽ കുടുങ്ങിയത് സൈബർ കേസിലെ പ്രതി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിലെത്തിയ അബ്ദുൾ റഷീദിനെ എമിഗ്രേഷൻ വിഭാഗമാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് സൈബർ പോലീസ് രജിസ്റ്റർ ചെയ്ത ഒരു സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയായിരുന്നു ഇയാൾ. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കസ്റ്റംസ് സംഘം ശരീരത്തിനകത്ത് ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെടുത്തത്.
കോടികളുടെ ഷെയർ ട്രേഡിങ് തട്ടിപ്പ് കോഴിക്കോട് രാമനാട്ടുകര സ്വദേശികളായ ദമ്പതിമാരിൽ നിന്ന് ഷെയർ ട്രേഡിങ് കമ്പനിയുടെ പേരിൽ ഒരു കോടി രൂപ തട്ടിയെടുത്ത് വിദേശത്തേക്ക് കടന്ന കേസിലെ പ്രതിയാണ് അബ്ദുൾ റഷീദ്. ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ചിരുന്നു.
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂർ വിമാനത്താവളത്തിൽ ഒരു യാത്രക്കാരനിൽ നിന്ന് ഇത്രയും വലിയ അളവിൽ സ്വർണം പിടികൂടുന്നത്. കസ്റ്റംസ് ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. തട്ടിപ്പ് പണമുപയോഗിച്ചാണോ സ്വർണം വാങ്ങിയതെന്ന കാര്യത്തിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













Leave a Reply