പുത്തിഗെ: പരിസരങ്ങളിൽ മാലിന്യം തള്ളുന്നവർ ജാഗ്രതൈ! വഴിയരികിൽ തള്ളിയ മാലിന്യം ഒടുവിൽ തള്ളിയവർക്ക് തന്നെ തിരിച്ചടിയായി. പുത്തിഗെ പഞ്ചായത്ത് പരിധിയിലെ സിദ്ധിവയൽ പെർണയിലാണ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിനരികിൽ തള്ളിയ മാലിന്യം ഒടുവിൽ പഞ്ചായത്ത് അധികൃതർ തള്ളിയവരെക്കൊണ്ട് തന്നെ തിരികെയെടുപ്പിച്ചത്. നിയമലംഘനം നടത്തിയവർക്ക് 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് സിദ്ധിവയൽ പെർണയിലെ തോട്ടത്തിന് സമീപമുള്ള വഴിയരികിൽ വലിയ ചാക്കുകെട്ടുകളിൽ മാലിന്യം തള്ളിയ നിലയിൽ തോട്ടമുടമയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് ഉടമസ്ഥൻ ഉടൻ തന്നെ പുത്തിഗെ പഞ്ചായത്ത് അധികൃതർക്കും പോലീസിനും പരാതി നൽകുകയായിരുന്നു.
വില്ലനായത് തിയേറ്റർ ടിക്കറ്റുകൾ!
പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതരെത്തി സ്ഥലത്ത് പരിശോധന നടത്തി. മാലിന്യമടങ്ങിയ ചാക്കുകെട്ടുകൾ അഴിച്ചു പരിശോധിച്ചപ്പോഴാണ് നിർണായക തെളിവുകൾ ലഭിച്ചത്. കാസർകോട്ടെ ‘മൂവിമാക്‌സ്’ തിയേറ്ററിന്റെ ടിക്കറ്റ് കൗണ്ടർ ഫോയിലുകളും, തിയേറ്ററിന് തൊട്ടടുത്ത ലഘുഭക്ഷണശാലകളിലെ ഗ്ലാസുകളും പാത്രങ്ങളുൾപ്പെടെയുള്ള അവശിഷ്ടങ്ങളുമായിരുന്നു ചാക്കിലുണ്ടായിരുന്നത്.
ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അധികൃതർ ബന്ധപ്പെട്ടവരെ ഫോണിൽ ബന്ധപ്പെടുകയും, കർശന നിർദ്ദേശം നൽകി മുഴുവൻ മാലിന്യവും തള്ളിയ സ്ഥലത്തുനിന്ന് തിരികെയെടുപ്പിക്കുകയുമായിരുന്നു. പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.













Leave a Reply