ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടു; പെർളടുക്ക ഹോമിയോ ആശുപത്രി ഇപ്പോഴും വാടകക്കെട്ടിടത്തിൽ

ബേഡഡുക്ക: പെർളടുക്കയിലെ ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടനിർമാണം പൂർത്തിയായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ പ്രവർത്തനം ഇപ്പോഴും വാടകക്കെട്ടിടത്തിൽ തന്നെ. മലയോര മേഖലയിലെ ഒട്ടേറെ സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയോടാണ് അധികൃതരുടെ ഈ കടുത്ത അവഗണന.

2023-2024 ആസ്തി വികസന പദ്ധതിയിൽ 35 ലക്ഷം രൂപ വകയിരുത്തിയാണ് മുൻ എംഎൽഎ സി.എച്ച്.കുഞ്ഞമ്പു ഹോമിയോ ആശുപത്രി കെട്ടിടനിർമാണത്തിന് തുടക്കം കുറിച്ചത്. കെട്ടിടത്തിന്റെ സിവിൽ പ്രവൃത്തികൾ പൂർത്തിയായെങ്കിലും വയറിങ്, ഫർണിച്ചർ വർക്ക് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ നിലവിൽ ഇവിടെ ഒരുക്കിയിട്ടില്ല.

എന്നാൽ, കഴിഞ്ഞ മാർച്ചിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുൻപ്, വലിയ തിടുക്കത്തിലാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം ജനപ്രതിനിധികൾ ചേർന്ന് നിർവഹിച്ചത്. ഉദ്ഘാടന മാമാങ്കം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. നിലവിൽ സൗകര്യങ്ങൾ കുറഞ്ഞ വാടകക്കെട്ടിടത്തിൽ തന്നെയാണ് രോഗികളും ജീവനക്കാരും ബുദ്ധിമുട്ടുന്നത്.

നിർമാണത്തിൽ വൻ ക്രമക്കേടെന്ന് ആക്ഷേപം

ആശുപത്രി കെട്ടിടത്തിന്റെ നിർമാണത്തിൽ വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. കെട്ടിടത്തിന് അതീവ നിലവാരം കുറഞ്ഞ ടൈലുകളാണ് പതിച്ചിരിക്കുന്നത്. വലിയ തുകയ്ക്ക് ടെൻഡർ നൽകിയിട്ടും ഗുണമേന്മയില്ലാത്ത നിർമാണ സാമഗ്രികളാണ് കരാറുകാരൻ ഉപയോഗിച്ചതെന്നും ആക്ഷേപമുണ്ട്.

നിർമാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും, നിലവിലുള്ള പോരായ്മകൾ അടിയന്തരമായി പരിഹരിച്ച് വയറിങ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *