കാഞ്ഞങ്ങാട്: മലബാറിലെ പ്രമുഖ വിദ്യാലയമായ കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനമായി മൂന്ന് യുവ ഐപിഎസ് ഉദ്യോഗസ്ഥർ. ഒരേ സ്കൂളിൽ പഠിച്ച മൂന്ന് പേർ സുപ്രധാന പോലീസ് പദവികളിൽ എത്തിയതിന്റെ സന്തോഷത്തിലാണ് നാടും സ്കൂൾ അധികൃതരും. കാസർകോട് ജില്ലാ പോലീസ് മേധാവിയായി നിയമിതനായ രാവണേശ്വരത്തെ പി. നിധിൻരാജ്, ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായി നിയമിക്കപ്പെട്ട മാവുങ്കാലിലെ ടി.കെ വിഷ്ണുപ്രദീപ്, രാജസ്ഥാൻ ജോധ്പൂർ അഡ്മിനിസ്ട്രേഷൻ ഡിസിപിയായ ബങ്കളത്തെ സി. ഷഹീൻ എന്നിവരാണ് കാഞ്ഞങ്ങാട് ദുർഗാസ്കൂളിന്റെ യശസ്സ് ഉയർത്തുന്നത്.
ഇതിൽ നിധിൻരാജും വിഷ്ണുപ്രദീപും ഒരേ പത്താം ക്ലാസ് ബാച്ചുകാരാണ്. വിഷ്ണുപ്രദീപ് പ്ലസ്ടു വരെ ദുർഗാ ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിച്ചത്. നിധിൻരാജും ഷഹീനും പ്ലസ്ടുവിനാണ് ദുർഗയിൽ വിദ്യാർത്ഥികളായെത്തിയത്. നിധിനും വിഷ്ണുവും കേരള കേഡറിലും, ഷഹീൻ രാജസ്ഥാൻ കേഡറിലുമാണ് ഐപിഎസ് ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിക്കുന്നത്.
ഇടുക്കി, കൊല്ലം ജില്ലാ പോലീസ് ചീഫ് ആയി പ്രവർത്തിച്ചതിനുശേഷമാണ് വിഷ്ണുപ്രദീപ് ആലപ്പുഴ ജില്ലാ പോലീസ് ചീഫ് ആയി നിയമിതനാകുന്നത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി പ്രവർത്തിച്ച ശേഷമാണ് നിധിൻരാജ് സ്വന്തം ജില്ലയുടെ പോലീസ് ചീഫ് ആകുന്നത്.
രാവണേശ്വരം എക്കാലിലെ കളരിക്കാൽ രാജേന്ദ്രൻ നമ്പ്യാരുടെയും പി.ലതയുടെയും മകനാണ് നിധിൻ രാജ്. ഡോ. ലക്ഷ്മീകൃഷ്ണനാണ് ഭാര്യ. കോൺഗ്രസ് നേതാവ് മാവുങ്കാലിലെ അഡ്വ. ടി.കെ. സുധാകരന്റെയും ഡോ. എലിസബത്ത് സുധാകരന്റെയും മകനാണ് വിഷ്ണു പ്രദീപ്. ബങ്കളത്തെ വിമുക്തഭടൻ ഖാദർഹാജി – സമീറ ദമ്പതികളുടെ മകനാണ് ഷഹീൻ. ഡോ.ഫഹ്മിദയാണ് ഭാര്യ.
സ്വന്തം ജില്ലയിൽ തന്നെ നിധിൻരാജിന് പോലീസ് ചീഫായി നിയമനം ലഭിച്ചത് കാസർകോട് ജില്ലക്കാർ വലിയ അഭിമാനത്തോടെയാണ് കാണുന്നത്.
കാഞ്ഞങ്ങാട് ദുർഗയ്ക്ക് അഭിമാനമായി മൂന്ന് യുവ ഐപിഎസുകാർ; കാസർകോടിനും ഇത് അഭിമാന നിമിഷം













Leave a Reply