കാസർകോട്: “തൃശ്ശൂർ കളക്ടറേറ്റാണോ കാസർകോട് കളക്ടറേറ്റാണോ കൂടുതൽ ഇഷ്ടം?..” കുട്ടികളുടെ ചോദ്യമഴയിൽ നനഞ്ഞ് കളക്ടർ അർജുൻ പാണ്ഡ്യൻ. ‘നമസ്തേ കളക്ടറിൽ’ തച്ചങ്ങാട് ജി.എച്ച്.എസ്.എസിലെ മിടുക്കരാണ് മഴ വന്നാൽ അവധി തരണമെന്ന ആവശ്യം മുതൽ ആദ്യമായി കിളിമഞ്ചാരോ കീഴടക്കിയപ്പോൾ എന്തായിരുന്നു മനസ്സിൽ… വരെയുള്ള കാര്യങ്ങൾ ചോദ്യങ്ങളായുയർത്തിയത്.
എന്തും ചോദിച്ചോളൂ എന്ന കളക്ടറുടെ ഉറപ്പുകൂടി കിട്ടിയതോടെ മിടുക്കന്മാരും മിടുക്കിമാരും ചോദ്യങ്ങളുമായി കളക്ടർക്കൊപ്പം കൂടി. മഴ വന്നാൽ അവധി തരണേ എന്നതായിരുന്നു ആദ്യ ആവശ്യം. “കളക്ടറാകാൻ എനിക്ക് ആഗ്രഹമുണ്ട്, കളക്ടറായാൽ കുട്ടികൾക്ക് അവധി കൊടുക്കാമല്ലോ” എന്നായിരുന്നു നാലാം ക്ലാസുകാരൻ ആദവ് അശോകിന്റെ നിഷ്കളങ്കമായ മറുപടി.
കളക്ടറുടെ കുട്ടിക്കാലത്തെ പഠനം സിവിൽ സർവീസ് കരസ്ഥമാക്കാൻ എങ്ങനെ സഹായിച്ചു, ഇപ്പോൾ വായിക്കാൻ സമയം കിട്ടാറുണ്ടോ, ആദ്യമായി കിളിമഞ്ചാരോ കീഴടക്കിയപ്പോൾ എന്തായിരുന്നു മനസ്സിൽ…. അങ്ങനെ ഒരുപാട് ചോദ്യങ്ങൾക്കാണ് കളക്ടർ ഉത്തരം നൽകിയത്. തൃശ്ശൂർ കളക്ടറേറ്റാണോ കാസർകോട് കളക്ടറേറ്റാണോ കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തിനുമുന്നിൽ കളക്ടർ ഒന്ന് പരുങ്ങിയെങ്കിലും, എല്ലാം ഒരുപോലെ ഇഷ്ടമാണെന്നും കാസർകോട് വികസന സാധ്യതയുള്ള സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാനസൗകര്യ വികസനത്തിന് തന്റെ കളക്ടർഷിപ്പിൽ പ്രാമുഖ്യം നൽകുന്നുണ്ടെന്നും കളക്ടർ കുട്ടികളെ അറിയിച്ചു. പർവതാരോഹണവും ജോലിയും എങ്ങനെ കൊണ്ടുപോകുന്നുവെന്നതായിരുന്നു മറ്റൊരു ചോദ്യം.
തന്റെ ബാല്യവും വ്യക്തിവിവരങ്ങളും കുട്ടികളോട് പങ്കുവെച്ച കളക്ടർ, ജീവിതത്തിലെ പ്രതിസന്ധികളെ പോസിറ്റീവായി എടുക്കണമെന്നും ലഹരിപോലെ തന്നെ അപകടകരമാണ് ഡിജിറ്റൽ അഡിക്ഷനെന്നും ഓർമ്മിപ്പിച്ചു.
സ്കൂളിനു മുന്നിലെ റോഡിൽ സീബ്രാലൈനും ഡിവൈഡറും
തച്ചങ്ങാട് ജി.എച്ച്.എസ്.എസിലെ കുട്ടികളും അധ്യാപകരും കളക്ടർ അർജുൻ പാണ്ഡ്യനൊപ്പം എടുത്ത ചിത്രവും വാർത്തയ്ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. സ്കൂളിന് മുന്നിൽ സീബ്രാലൈനും ഡിവൈഡറും ഇല്ലാത്തത് പ്രശ്നമാണെന്ന് കുട്ടികൾ പറഞ്ഞപ്പോൾ, മഴ പെയ്തൊഴിയുന്ന ഇടവേളയിൽ സീബ്രാലൈൻ വരയ്ക്കാൻ അധികാരികളെ ചുമതലപ്പെടുത്തുമെന്ന് കളക്ടർ ഉറപ്പുനൽകി. ഹൈസ്കൂൾ കെട്ടിടം ഓടിട്ടതാണെന്നും അത് മാറ്റി കോൺക്രീറ്റാക്കി തരണമെന്നും കുട്ടികൾ ആവശ്യപ്പെട്ടു. കെട്ടിടം നിർമിച്ചുനൽകാൻ നടപടികൾ കാസർകോട് വികസന പാക്കേജിൽപ്പെടുത്തി സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു. പ്രകൃതിയോട് അടുക്കാൻ ശലഭോദ്യാനവും നേച്ചർ പാർക്കും വേണമെന്ന ആവശ്യവും പരിഗണനയിലുണ്ടെന്ന് കളക്ടർ അറിയിച്ചു.
തങ്ങൾക്ക് സ്മാർട്ട് ക്ലാസ് റൂം വേണമെന്ന ആവശ്യമാണ് നാലാം ക്ലാസുകാരൻ നൃത്തിക് ബാബുരാജ് ഉന്നയിച്ചത്. കളക്ടറുടെ വീഡിയോകൾ കാണാറുണ്ടെന്നും എല്ലാവർക്കും കൂടി സ്ഥിരമായി കാണാൻ സ്മാർട്ട് ക്ലാസ് റൂം വേണമെന്നുമായിരുന്നു നൃത്തിക് പറഞ്ഞത്. കഴിഞ്ഞവർഷത്തെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ ഇഷാന എസ്. പാൽ വരച്ച കളക്ടറുടെ ഫോട്ടോ സ്നേഹപൂർവം കളക്ടർക്ക് കൈമാറി.
തച്ചങ്ങാട് ജി.എച്ച്.എസിലെ ഇരുപതോളം കുട്ടികളും നാല് അധ്യാപകരുമാണ് നമസ്തേ കളക്ടർ പദ്ധതിയിൽ പങ്കെടുത്തത്. അധ്യാപകരായ ടി.മധുസൂദനൻ, കെ.വി. സൗമ്യ, കെ.പ്രേമചന്ദ്രൻ, എച്ച്. ഷബ്ന എന്നിവരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.
ജില്ലാ ഭരണകൂടവും കുട്ടികളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന് കളക്ടർ അർജുൻ പാണ്ഡ്യൻ ആവിഷ്ക്കരിച്ച പദ്ധതിയാണ് നമസ്തേ കളക്ടർ. പദ്ധതിയുടെ ഭാഗമാകാൻ dapksd@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യാം.














Leave a Reply