നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പ് ടെലികോളർ അറസ്റ്റിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിധിൻരാജിൻ്റെ മരണവുമായി ബന്ധപ്പെട്ട ലോൺ ആപ്പ് കേസിൽ വലിയ മുന്നേറ്റവുമായി കണ്ണൂർ ക്രൈംബ്രാഞ്ച്. കേസിലെ മുഖ്യപ്രതിയായ ഉത്തർപ്രദേശ് സ്വദേശി സൗരവിനെ (22) ഡൽഹിയിൽ വെച്ച് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഡൽഹി നോയിഡ തൃലോക് പുരിയിൽ താമസിച്ചുവരികയായിരുന്നു ഇയാൾ.

ഡൽഹിയിൽ വെച്ച് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. നിധിൻരാജിന്റെ ആത്മഹത്യയിലേക്ക് നയിച്ച ഓൺലൈൻ ലോൺ തട്ടിപ്പ് ശൃംഖലയിലെ പ്രധാന കണ്ണിയാണ് പിടിയിലായ സൗരവ്.

ഇതുവരെ നാല് അറസ്റ്റ്

കേസിൽ നേരത്തെ മൂന്ന് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഹരിയാന സ്വദേശിയായ ജയപ്രകാശ്, ഉത്തർപ്രദേശ് സ്വദേശികളായ പ്രശാന്ത് കേവൽ, ഋഷികേശ് തിവാരി എന്നിവരാണ് മുൻപ് പിടിയിലായവർ. സൗരവിന്റെ അറസ്റ്റോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി.

അന്വേഷണം ഊർജിതം: കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി. പി. ബാലകൃഷ്‌ണൻ നായരുടെ മേൽനോട്ടത്തിൽ ഡി.വൈ.എസ്.പി. ജീവൻ ജോർജാണ് ഈ ലോൺ ആപ്പ് തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിൽ എസ്.ഐ. മധുസൂദനൻ, എ.എസ്.ഐ. പ്രമോദ് എന്നിവരും ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾ വലയിലാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *