ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്തുണ്ടായ ട്രെയിൻ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഇരുകാലുകളും മുറിച്ചുമാറ്റേണ്ടി വന്ന കാസർകോട് സ്വദേശി അർഷാദിനും ഉമ്മ ആയിഷയ്ക്കും കൈത്താങ്ങായി കല്ലട്ര മാഹിൻ ഹാജി എം.എൽ.എ. അർഷാദിന്റെ ചികിത്സാ ചെലവുകളും മറ്റ് അടിയന്തര സഹായങ്ങളും എം.എൽ.എയുടെ നേതൃത്വത്തിൽ ഏറ്റെടുത്തു.
ആരോഗ്യനില ഭേദമാകുന്ന മുറയ്ക്ക് അർഷാദിനെയും ഉമ്മയെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്നും, ഇവർക്ക് കാസർകോട് സ്വന്തമായി ഒരു വീട് നിർമ്മിച്ച് നൽകുമെന്നും കല്ലട്ര മാഹിൻ ഹാജി അറിയിച്ചു. മാധ്യമ വാർത്തകളിലൂടെ ദുരന്തവിവരം അറിഞ്ഞതിനെ തുടർന്നാണ് എം.എൽ.എ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. വാർത്ത പുറത്തുവന്നതോടെ നിരവധി പേർ സഹായ വാഗ്ദാനങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ടെന്നും, അർഷാദിന്റെ കുടുംബത്തെ ഒറ്റയ്ക്കാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അർഷാദിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. യുവാവ് മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
കാസർകോട് പെരുമ്പള ലക്ഷംവീട് ഉന്നതിയിൽ വാടകയ്ക്ക് താമസിക്കുന്ന അർഷാദും ഉമ്മ ആയിഷയും വഴിയോരക്കച്ചവടം നടത്തിയാണ് ജീവിച്ചിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു മാരാരിക്കുളം റെയിൽവേ സ്റ്റേഷനിൽ വെച്ച് അർഷാദിന് ദാരുണമായ അപകടം സംഭവിക്കുന്നത്.
കാസർകോട് നിന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് പോകാൻ ട്രെയിൻ കയറിയ അർഷാദ്, യാത്രയ്ക്കിടയിൽ ഉറങ്ങിപ്പോയതിനാൽ എറണാകുളത്ത് ഇറങ്ങാൻ സാധിച്ചിരുന്നില്ല. തുടർന്ന് ട്രെയിൻ മാരാരിക്കുളം സ്റ്റേഷനിൽ എത്തിയപ്പോൾ വേഗത കുറഞ്ഞ സമയം കണ്ട് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ഗുരുതരമായി തകർന്ന അർഷാദിന്റെ വലതുകാൽ തുടയ്ക്ക് താഴെ വെച്ചും, ഇടതുകാൽ മുട്ടിന് താഴെ വെച്ചും മുറിച്ചുമാറ്റേണ്ടി വന്നു. ആയിഷയുടെ ഏക മകനാണ് ഇരുപത്തിനാലുകാരനായ അർഷാദ്. തങ്ങൾക്ക് ബന്ധുക്കളായി ആരുമില്ലെന്നും, കയ്യിൽ ഒന്നിനും പണമില്ലാത്ത അവസ്ഥയിലാണെന്നും ഉമ്മ ആയിഷ അതീവ വേദനയോടെ പറഞ്ഞു. എന്നാൽ എം.എൽ.എയും പൊതുസമൂഹവും സഹായവുമായി എത്തിയതോടെ ഈ കുടുംബത്തിന് ഇനി പ്രതീക്ഷയുടെ നാളുകളാണ്.














Leave a Reply