മഞ്ചേശ്വരം ഉദ്യാവർ സ്കൂളും അങ്കണവാടിയും താൽക്കാലികമായി മസ്ജിദ് കെട്ടിടത്തിലേക്ക് മാറ്റും

കാസർഗോഡ്: അപകടാവസ്ഥയിലായ മഞ്ചേശ്വരം ഉദ്യാവർ തോട്ട ഗവ. മുസ്‌ലിം എൽ.പി. സ്കൂളിലെയും അങ്കണവാടിയിലെയും കുട്ടികളുടെ സുരക്ഷ മുൻനിർത്തി ക്ലാസുകൾ തൊട്ടടുത്ത കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനം. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ സ്കൂളിൽ ചേർന്ന അടിയന്തര യോഗത്തിലാണ് കുട്ടികളെ തൊട്ടടുത്തുള്ള മസ്ജിദ് കെട്ടിടത്തിലേക്ക് താൽക്കാലികമായി മാറ്റാൻ തീരുമാനമായത്.

സുരക്ഷിതമല്ലാത്ത കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തിക്കുന്നത് സംബന്ധിച്ച പരാതി ഉയർന്നതിനെ തുടർന്ന് കളക്ടർ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടർ നേരിട്ടെത്തി യോഗം വിളിച്ചതും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള അടിയന്തര നടപടി സ്വീകരിച്ചതും.

സമഗ്ര അന്വേഷണത്തിന് ഉത്തരവ്

അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ ഇതുവരെ സ്കൂളും അങ്കണവാടിയും പ്രവർത്തിച്ച സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ശാശ്വത പരിഹാരത്തിന് സംയുക്ത യോഗം

പുതിയ സ്കൂൾ കെട്ടിടം നിർമിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശാശ്വത പരിഹാരം കാണാൻ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്, സ്കൂൾ പി.ടി.എ (അധ്യാപക രക്ഷാകർതൃസമിതി), വിദ്യാഭ്യാസ വകുപ്പ് എന്നിവർ സംയുക്തമായി യോഗം ചേർന്ന് തീരുമാനമെടുക്കാനും കളക്ടർ നിർദേശിച്ചു.

സ്കൂളിൽ നടന്ന യോഗത്തിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യു.കെ. സൈഫുള്ള തങ്ങൾ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി.പി. അബ്ദുൾ റഹ്‌മാൻ, വാർഡ് മെമ്പർ അബൂബക്കർ സിദ്ദീഖ്, ഡി.ഡി.ഇ ഇൻ ചാർജ് പി. സവിത, മഞ്ചേശ്വരം എ.ഇ.ഒ ഡി. നാരായണ, പ്രധാനാധ്യാപകൻ എം. ഇസ്മായിൽ, തഹസിൽദാർ പി. പ്രേംരാജ്, പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്, അസി. എൻജിനീയർ അക്ഷര എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഈ സ്കൂളിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജില്ലാ ഭരണകൂടത്തിന്റെ ദ്രുതഗതിയിലുള്ള ഇടപെടൽ ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *