ഭാഗ്യദേവത കൺതുറന്നു; കൂലിപ്പണിക്കാരനായ ക്ഷേത്ര ജീവനക്കാരന് ഒരു കോടി രൂപയുടെ ലോട്ടറി സമ്മാനം

കാഞ്ഞങ്ങാട്: പ്രതിദിന കൂലിപ്പണിയിലൂടെയും ക്ഷേത്ര സേവനത്തിലൂടെയും ജീവിതം മുന്നോട്ട് കൊണ്ടുപോയ ഒരു സാധാരണക്കാരനെ തേടി ഒടുവിൽ ഭാഗ്യദേവതയെത്തി. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ‘സമൃദ്ധി’ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് വെള്ളിക്കോത്ത് സ്വദേശിയായ കെ. രത്നാകരനെ (57) തേടിയെത്തിയത്.

വർഷങ്ങളായി കൂലിപ്പണിയെടുത്തു ജീവിക്കുന്ന രത്നാകരൻ, അടോട്ട് മുത്തേടത്ത് കുതിര് പുതിയസ്ഥാനം ക്ഷേത്രത്തിലെ കുട്ടായിക്കാരനായും സേവനമനുഷ്ഠിച്ചു വരികയാണ്. പെരളം തട്ടുമ്മലിലെ ചെറിയൊരു വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. ഭാര്യ ദാക്ഷായണി വീട്ടമ്മയാണ്. മക്കളായ രഞ്ജുനാഥ്, അഞ്ജു, സഞ്ജുനാഥ് എന്നിവർ ചെറിയ ചെറിയ ജോലികൾ ചെയ്താണ് മാതാപിതാക്കളെ സഹായിക്കുന്നത്.

കാഞ്ഞങ്ങാട് ടൗണിലെ ഏജൻസിയിൽ നിന്നും ലോട്ടറി ടിക്കറ്റുകളെടുത്ത് വെള്ളിക്കോത്തും പരിസരപ്രദേശങ്ങളിലും നടന്നു വിൽപന നടത്തുന്ന മാവുങ്കാൽ സ്വദേശി കൃഷ്ണന്റെ പക്കൽ നിന്നാണ് രത്നാകരൻ സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. പതിവായി ലോട്ടറി എടുക്കുന്ന ശീലമുള്ള രത്നാകരൻ കഴിഞ്ഞദിവസം കൃഷ്ണനെ വഴിയിൽ കണ്ടപ്പോൾ വിളിച്ചുവരുത്തി ടിക്കറ്റ് എടുക്കുകയായിരുന്നു. മുൻപ് അയ്യായിരം രൂപ വരെ ലോട്ടറിയിലൂടെ സമ്മാനം ലഭിച്ചിട്ടുള്ള രത്നാകരന് ഇത്തവണ അടിച്ചതാകട്ടെ ബമ്പർ സമ്മാനവും. സമ്മാനാർഹമായ ടിക്കറ്റ് കേരള ഗ്രാമീൺ ബാങ്കിന്റെ മഡിയൻ ശാഖയിൽ ഏൽപ്പിച്ചിട്ടുണ്ട്. ഒരു കോടിയുടെ ലോട്ടറി തിളക്കത്തിലും താൻ തന്റെ പതിവ് ജോലികളും ക്ഷേത്ര സേവനവുമായി മുന്നോട്ട് പോകുമെന്നാണ് രത്നാകരൻ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *