ചെറുവത്തൂർ ബസിൽ മറന്നുവെച്ച പണവും രേഖകളുമടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരികെ നൽകി ജനകീയ ബസ് ജീവനക്കാർ; മാതൃകയായി സുജിത്തും കൃഷ്ണനും അഖിലേഷും

ചെറുവത്തൂർ: ബസ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട വലിയ തുകയും രേഖകളുമടങ്ങിയ പഴ്സ് ഉടമയെ കണ്ടെത്തി തിരികെ നൽകി ജനകീയം ബസ് ജീവനക്കാർ മാതൃകയായി. കാരിയിൽ – ചെറുവത്തൂർ വഴി മാവിലാക്കടപ്പുറം – പടന്നക്കടപ്പുറം റൂട്ടിലോടുന്ന ‘ജനകീയ’ ബസിലെ ജീവനക്കാരാണ് ഈ ഉന്നത മൂല്യം ഉയർത്തിപ്പിടിച്ച നന്മപ്രവർത്തിക്ക് പിന്നിൽ. കൊൽക്കത്ത സ്വദേശിയായ തൊഴിലാളിയുടെ പഴ്സാണ് ജീവനക്കാരുടെ സത്യസന്ധതയോടെ കൈകളിൽ ഭദ്രമായി തിരിച്ചുകിട്ടിയത്.

യാത്രയ്ക്കിടയിലാണ് ബസിനുള്ളിൽ വെച്ച് വലിയ തുകയും പ്രധാനപ്പെട്ട രേഖകളുമടങ്ങിയ പഴ്സ് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ബസ് ജീവനക്കാർ രേഖകൾ വിശദമായി പരിശോധിച്ചപ്പോഴാണ് ഇത് പടന്നക്കടപ്പുറത്തെ ഹോട്ടൽ തൊഴിലാളിയായ കൊൽക്കത്ത സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. പഴ്സിനുള്ളിൽ നിന്ന് ലഭിച്ച ഫോൺ നമ്പറിൽ ഉടൻ തന്നെ ബന്ധപ്പെടുകയും ഉടമയെ വിവരം അറിയിക്കുകയുമായിരുന്നു.

തുടർന്ന് ബസ് ഡ്രൈവർ സുജിത്ത് ബങ്കളം, കണ്ടക്ടർ കൃഷ്ണൻ കിഴക്കേമുറി, ക്ലീനർ അഖിലേഷ് കാരി എന്നിവർ ചേർന്ന് പണവും രേഖകളും ഉടമയ്ക്ക് കൈമാറി. പഴ്സ് സുരക്ഷിതമായി തിരികെ ലഭിച്ചതോടെ ബസ് ജീവനക്കാർക്ക് നന്ദി അറിയിച്ച് ഉടമയും ഒപ്പം നാട്ടുകാരും രംഗത്തെത്തി. ജീവനക്കാരുടെ ഈ സൽപ്രവൃത്തിയെ സോഷ്യൽ മീഡിയയിലും വലിയ രീതിയിലാണ് ആളുകൾ അഭിനന്ദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *