സർവീസ് റോഡും ഡ്രൈനേജും ഇല്ല; ചെർക്കളയിൽ ദേശീയപാത ഉപരോധിച്ച് ജനകീയ പ്രതിഷേധം

ചെർക്കള: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ചെർക്കള – ചട്ടഞ്ചാൽ റോഡ് നിർമ്മാണത്തിലെ കടുത്ത അപാകതകൾക്കെതിരെ പ്രദേശവാസികളുടെ ജനരോഷം ശക്തമാകുന്നു. നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെർക്കള ടൗണിൽ വൻ റോഡ് ഉപരോധ സമരം സംഘടിപ്പിച്ചു. ടൗണിൽ തടിച്ചുകൂടിയ നാട്ടുകാർ റോഡ് ഉപരോധിച്ചതോടെ ദേശീയപാതയിൽ അല്പനേരം ഗതാഗത തടസ്സവുമുണ്ടായി.
ചെർക്കള ടൗൺ മുതൽ കുണ്ടടുക്കം ബേവിഞ്ച വരെ സർവീസ് റോഡുകൾ നിർമ്മിക്കുക, മണ്ണിടിച്ചിൽ സാധ്യതയുള്ള ഭാഗങ്ങളിൽ പ്രൊട്ടക്ഷൻ വാൾ സ്ഥാപിക്കുക, മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ ഡ്രെയിനേജ് സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
കനത്ത മഴ പെയ്തു തുടങ്ങിയതോടെ പ്രദേശമാകെ ചെളിക്കുളമായി മാറിയിരിക്കുകയാണ്. മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണ് നിലവിലെ ദുരിതത്തിന് കാരണമെന്ന് സമരക്കാർ ആരോപിക്കുന്നു. ഫ്ലൈഓവറിന്റെ തൂണുകളിൽ ഉൾപ്പെടെ വിള്ളലുകൾ കണ്ടുതുടങ്ങിയത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ഫ്ലൈഓവറിന്റെ അടിയിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് കാരണം മഴവെള്ളത്തിൽ ഈ മണ്ണൊലിച്ച് കുണ്ടടുക്കം ഭാഗത്തേക്ക് പോകുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. ഈ ഭാഗത്ത് സ്കൂളുകളും ഇരുനൂറോളം വീടുകളുമുണ്ടായിട്ടും സർവീസ് റോഡ് നിർമ്മിക്കാൻ കമ്പനി തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
ആവശ്യങ്ങൾ അംഗീകരിച്ച് സുരക്ഷ ഉറപ്പാക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *