ഭരണസമിതിയുടെ ഒത്താശയോടെ മരംകൊള്ളയെന്ന് ആരോപണം; പുത്തിഗെ പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

കാസർകോട്: പുത്തിഗെ പഞ്ചായത്ത് അധീനതയിലുള്ള സ്ഥലത്തുനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഭരണസമിതി അംഗങ്ങളായ ചിലരുടെ ഒത്താശയോടെയാണ് മരംകൊള്ള നടന്നതെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പുത്തിഗെ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
കട്ടത്തടുക്കയിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ച് പോലീസ് തടഞ്ഞു. തുടർന്ന് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം നാസറുദ്ദീൻ മലങ്കര ഉദ്ഘാടനം ചെയ്തു. പൊതുമുതൽ കൊള്ളയടിച്ച കുറ്റക്കാർക്കെതിരെ ഒളിച്ചുകളി നടത്താതെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ പ്രശാന്ത് ഷെട്ടി അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി മുഹമ്മദ് ഇർഷാദ് സംസാരിച്ചു.
അരനൂറ്റാണ്ട് പഴക്കമുള്ള മരങ്ങൾ മുറിച്ചുകടത്തി
പുത്തിഗെ പഞ്ചായത്തിന്റെ അധീനതയിലുള്ള എടനാട് വില്ലേജിലെ കൊർണ്ണക്കണ്ടം തോട്ടരുകിൽ നിന്നുമാണ് കഴിഞ്ഞ ദിവസം മരങ്ങൾ മുറിച്ചുകടത്തിയത്. അരനൂറ്റാണ്ടോളം പ്രായമുള്ള ഭീമാകാരമായ മാവ് അടക്കം മൂന്ന് വലിയ മരങ്ങളാണ് സംഘം മുറിച്ചുമാറ്റിയത്.
തദ്ദേശീയരായ ചില ഭരണസമിതി അംഗങ്ങളുടെ അറിവോടെയും പിന്തുണയോടെയുമാണ് ഈ വൻ മരംകൊള്ള നടന്നതെന്നാണ് ഉയരുന്ന പ്രധാന ആരോപണം. സംഭവത്തിൽ വ്യാപകമായ പ്രതിഷേധമുയർന്നതോടെ പുത്തിഗെ പഞ്ചായത്ത് സെക്രട്ടറി കുമ്പള പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ മരം മോഷണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *