കാസർകോട്: കാറഡുക്ക കൊട്ടംകുഴിയിൽ കർഷകനെ തോട്ടത്തിലെ കുളത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊട്ടംകുഴിയിലെ കുഞ്ഞമ്പു നായരുടെ മകൻ അജിത്ത് (43) ആണ് മരിച്ചത്. കുളത്തിൽ ചാടുന്നതിന് മുൻപ് ഇയാൾ കൈഞരമ്പ് മുറിച്ചിരുന്നതായും സംശയമുണ്ട്.
ഇന്ന് (ശനി) രാവിലെ മുതൽ അജിത്തിനെ വീട്ടിൽ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ കവുങ്ങിൻ തോട്ടത്തിലെ കുളത്തിൽ അജിത്തിനെ കണ്ടെത്തിയത്. ഉടൻ തന്നെ മുള്ളേരിയയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നേരത്തെ കർണാടകയിലെ മടിക്കേരിയിൽ ഹോട്ടൽ നടത്തിവരികയായിരുന്നു അജിത്ത്. എന്നാൽ ബിസിനസ് പരാജയപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് പറയപ്പെടുന്നു. തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ അജിത്ത് കൃഷി കാര്യങ്ങളുമായി സജീവമായി മുന്നോട്ട് പോവുകയായിരുന്നു.
സംഭവത്തിൽ ആദൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാലതിയാണ് മാതാവ്. ഭാര്യ: ചൈത്ര. അജിത്ത്-ചൈത്ര ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്. അജിതയാണ് സഹോദരി.
കാസർകോട് കാറഡുക്കയിൽ കർഷകനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി












Leave a Reply