കുട്ടികളുടെ സർഗ്ഗശേഷി വളർത്താൻ ‘കളിക്കൂട്ടം’; കരിന്തളത്ത് കുടുംബശ്രീ ബാലസഭ ക്യാമ്പയിൻ ശ്രദ്ധേയമായി

കരിന്തളം: കുട്ടികളിലെ അറിവും സർഗ്ഗശേഷിയും വികസിപ്പിക്കാനും പുതിയ ആശയങ്ങൾ കണ്ടെത്താനുമായി കിനാനൂർ കരിന്തളം പഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസിന്റെ നേതൃത്വത്തിൽ ബാലസഭ ‘കളിക്കൂട്ടം’ ക്യാമ്പയിന് തുടക്കമായി. കോയിത്തട്ട കുടുംബശ്രീ ഹാളിൽ വെച്ച് നടന്ന പരിപാടി കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ കാർത്യായനി എ.ചെറിയാന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. കുട്ടികളിൽ പരസ്പര സൗഹൃദം വളർത്താനും അവരുടെ സർഗ്ഗവാസനകളെ ഉണർത്താനും ലക്ഷ്യമിട്ടാണ് ഈ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി പ്രമുഖ സാംസ്കാരിക പ്രവർത്തകരായ ഒ.പി. ചന്ദ്രൻ, രാമചന്ദ്രൻ പാട്ടത്തിൽ എന്നിവർ കുട്ടികളുമായി സംവദിച്ചു.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജിത് കുമാർ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ടി. ശ്യാമള, പഞ്ചായത്ത് മെമ്പർ കെ. ധന്യ, ബാലപഞ്ചായത്ത് പ്രസിഡന്റ് അനന്യ, ബാലസഭ ആർ.പി. ശ്യാമിനി, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ പ്രസീത ടി.വി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

കുടുംബശ്രീ മെമ്പർ സെക്രട്ടറി സജീന്ദ്രൻ പുതിയപുരയിൽ സ്വാഗതവും, സാമൂഹ്യ വികസന കൺവീനർ സരിത സുരേഷ് നന്ദിയും രേഖപ്പെടുത്തി. പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നായി നൂറ്റിനാൽപ്പതോളം കുട്ടികളും, എ.ഡി.എസ്, സി.ഡി.എസ് പ്രതിനിധികളും ഉൾപ്പെടെ നൂറ്റിയറുപതോളം പേർ ഈ ക്യാമ്പയിന്റെ ഭാഗമായി പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *