നെല്ലിക്കുന്ന് കടപ്പുറം പാലത്തിന് സമീപം മാലിന്യ നിക്ഷേപം രൂക്ഷം; മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയിൽ നാട്ടുകാർ

കാസർകോട്: നെല്ലിക്കുന്ന് കടപ്പുറം പാലത്തിന് സമീപം മാസങ്ങളായി തള്ളിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങൾ കുന്നുകൂടി പ്രദേശത്ത് ദുർഗന്ധം അതിരൂക്ഷമാകുന്നു. കൽമാഡി പുഴയിൽ നിന്നുള്ള ദുർഗന്ധത്തിന് പുറമെയാണ് ഇപ്പോൾ പാലത്തിന് സമീപം റോഡരികിൽ തള്ളുന്ന മാലിന്യങ്ങളുടെ നാറ്റവും കൂടിയിരിക്കുന്നത്. ഇതോടെ പരിസരവാസികളും കാൽനടയാത്രക്കാരും ഒരുപോലെ പൊറുതിമുട്ടിയിരിക്കുകയാണ്.
പരിസരത്ത് ആളുകളില്ലാത്ത സമയം നോക്കിയാണ് സാമൂഹ്യവിരുദ്ധർ ഇവിടെ വ്യാപകമായി മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു. ആരാണിവിടെ മാലിന്യം തള്ളുന്നതെന്നോ, ഏത് സമയത്താണ് മാലിന്യങ്ങൾ ഇവിടെ കുന്നുകൂടുന്നതെന്നോ വ്യക്തമല്ലെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്.
വഴി നടന്നു പോകുന്നവർ ഇപ്പോൾ മൂക്ക് പൊത്തിപ്പിടിച്ചാണ് ഈ ഭാഗത്തുകൂടി സഞ്ചരിക്കുന്നത്. പ്രദേശത്ത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്ന രീതിയിലാണ് മാലിന്യങ്ങൾ ചീഞ്ഞഴുകി കിടക്കുന്നത്.
ഇത്തരത്തിൽ പരസ്യമായി മാലിന്യങ്ങൾ തള്ളുന്നവരെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചടക്കം അന്വേഷിച്ച് നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും, അവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ ഇപ്പോൾ ശക്തമായി ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *