സുഫൈദയുടെ ആത്മഹത്യ: ഭർത്താവ് റിമാൻഡിൽ, ഭർതൃമാതാവും പ്രതിപ്പട്ടികയിൽ

കാസർകോട്: വിദ്യാനഗർ പാണലത്തെ ഭർതൃവീട്ടിൽ വെച്ച് യുവതി വിഷദ്രാവകം ഉള്ളിൽ ചെന്ന് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ബദിയടുക്ക ചർളടുക്ക സ്വദേശിനിയായ സുഫൈദ (24) ആണ് ഭർത്താവിൻ്റെയും ഭർതൃവീട്ടുകാരുടെയും സാന്നിധ്യത്തിൽ വിഷദ്രാവകം ഉള്ളിൽ ചെന്ന് മരണപ്പെട്ടത്. സംഭവത്തിന് പിന്നാലെ യുവതിയുടെ ശരീരത്തിൽ കണ്ടെത്തിയ മർദനമേറ്റ പാടുകൾ മരണത്തിൽ ഭർതൃവീട്ടുകാർക്കുള്ള പങ്ക് സംബന്ധിച്ച സംശയങ്ങൾ ബലപ്പെടുത്തുകയാണ്.

ഇൻക്വസ്റ്റ് റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ

പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ യുവതിയുടെ കൈക്കും ചുണ്ടിനും മുഖത്തും മർദനമേറ്റ പാടുകൾ കണ്ടെത്തിയതായി വ്യക്തമാക്കുന്നുണ്ട്. സുഫൈദ നിരന്തരമായ ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കിരയായിരുന്നുവെന്ന ബന്ധുക്കളുടെ പരാതികൾ, ഇൻക്വസ്റ്റ് റിപ്പോർട്ടിലെ ഈ കണ്ടെത്തലുകളോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.

വിവാഹത്തിന് ശേഷം സ്വർണത്തിൻ്റെ പേരിലും മറ്റ് ആവശ്യങ്ങൾക്കുമായി ഭർത്താവും കുടുംബവും സുഫൈദയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ നൽകിയ മൊഴി. മരണദിവസം പോലും ഭർതൃവീട്ടിൽ വെച്ച് കടുത്ത വാക്കുതർക്കങ്ങളും ശാരീരിക അക്രമങ്ങളും നടന്നതായി കുടുംബം ആരോപിക്കുന്നു.

ഭർത്താവ് അറസ്റ്റിൽ; ഭർതൃമാതാവിനെയും പ്രതിപ്പട്ടികയിൽ ചേർത്തു

വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ സുഫൈദയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് കെ. എം. മുഹമ്മദ് ആദിലിനെ (28) പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണ, സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

കേസിൽ കൂടുതൽ പേരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടെ ഭർതൃമാതാവ് ആഇശയെയും പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മരണത്തിൽ ഭർതൃമാതാവിൻ്റെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനങ്ങളും പരിഹാസങ്ങളും സുഫൈദയെ വല്ലാതെ വേദനിപ്പിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ വിദ്യാനഗർ പോലീസ് ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *