കാസർകോട്: കാസർകോട് ജില്ലയുടെ 42-ാം പിറന്നാൾ ദിനത്തിൽ കായികപ്രേമികൾക്ക് ആവേശമായി ‘കാസർകോട് ബീച്ച് റൺ 2026’. നെല്ലിക്കുന്ന് ബീച്ചിന്റെ പ്രകൃതിഭംഗിയും ടൂറിസം സാധ്യതകളും ലോകത്തിന് മുന്നിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം, ഡി.ടി.പി.സി, കാസർകോട് നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് റൺ സംഘടിപ്പിച്ചത്. കുളിർമഴയും കടൽക്കാറ്റും ഏറ്റുവാങ്ങി നാന്നൂറോളം കായികപ്രേമികളാണ് പ്രഭാതത്തിൽ നെല്ലിക്കുന്നിലേക്ക് ഒഴുകിയെത്തിയത്.
രാവിലെ 6.50-ഓടെ നെല്ലിക്കുന്ന് ലൈറ്റ് ഹൗസിൽ നിന്ന് ആരംഭിച്ച റൺ കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ ഫ്ലാഗ് ഓഫ് ചെയ്തു. കാസർകോട്ടെ ജനങ്ങൾ ഇത്തരം ജനകീയ പരിപാടികളിൽ വലിയ പങ്കാളിത്തമാണ് കാഴ്ചവെക്കുന്നതെന്നും ‘കാസർകോട് ബീച്ച് റൺ’ വരും വർഷങ്ങളിലും ഒരു സ്ഥിരം പരിപാടിയായി തുടരുമെന്നും എം.എൽ.എ പറഞ്ഞു.
ആവേശം കൂട്ടി കളക്ടറുടെ ഓട്ടവും തൃശ്ശൂരിൽ നിന്നുള്ള അതിഥികളും പരിപാടിയുടെ പ്രധാന ആകർഷണം ഏഴ് കിലോമീറ്റർ ദൂരമുള്ള റണ്ണിൽ മുഴുവൻ സമയവും ഓടി പൂർത്തിയാക്കിയ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് ആയിരുന്നു. കളക്ടർ തന്നെ നേരിട്ട് മുഴുവൻ ദൂരവും ഓടിയത് കായികതാരങ്ങളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. കൂടാതെ, അർജുൻ പാണ്ഡ്യൻ മുൻപ് ജില്ലാ കളക്ടർ ആയിരുന്ന തൃശ്ശൂരിൽ നിന്ന് മൂന്ന് കായികതാരങ്ങൾ ബീച്ച് റണ്ണിൽ പങ്കെടുക്കാൻ എത്തിയതും ശ്രദ്ധേയമായി.
പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് ബീച്ച് റണ്ണിന് ലഭിച്ചതെന്നും, ആരോഗ്യസംരക്ഷണവും കായികവിനോദവും മുൻനിർത്തി ഭാവിയിലും ഇത്തരം പരിപാടികൾ വിപുലമായി സംഘടിപ്പിക്കുമെന്നും കളക്ടർ വ്യക്തമാക്കി. ഓട്ടം വിജയകരമായി പൂർത്തിയാക്കിയ എല്ലാവർക്കും കളക്ടർ മെഡലുകൾ സമ്മാനിച്ചു.
വിജയികൾ ഇവർ: ഏഴ് കിലോമീറ്റർ മണൽപ്പരപ്പിലൂടെയുള്ള ഓട്ടത്തിൽ വി.വി. ചന്ദ്രൻ (33 മിനിറ്റ് 32 സെക്കൻഡ്) ഒന്നാം സ്ഥാനം നേടി. പി.വി. ബിജു രണ്ടാം സ്ഥാനവും, അബ്ദുൽ റഹിമാൻ ഷഹദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
നെല്ലിക്കുന്ന് ലൈറ്റ് ഹൗസിൽ നിന്ന് ആരംഭിച്ച് നെല്ലിക്കുന്ന് ബീച്ച്, കസബ ബീച്ച് റോഡ്, പുലിമുട്ട് എന്നിവ വഴി വീണ്ടും ലൈറ്റ് ഹൗസിലാണ് റൺ സമാപിച്ചത്. റണ്ണിൽ പങ്കെടുത്ത വാർഡ് കൗൺസിലർ രാമകൃഷ്ണ ഹൊള്ളയും മുഴുവൻ ദൂരവും ഓടി പൂർത്തിയാക്കി.
നഗരസഭ വൈസ് ചെയർപേഴ്സൺ കെ.എം. ഹനീഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജാഫർ കമാൽ, ഹമീദ് ബെദിര, സമീന മുജീബ്, മെഹറുന്നിസ, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിതേഷ് കുമാർ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബീച്ച് റണ്ണിന് മുന്നോടിയായി റൂട്ടിൽ പ്രഭാതഭക്ഷണവും കുടിവെള്ള വിതരണ കേന്ദ്രങ്ങളും ഒരുക്കിയിരുന്നു. ആരോഗ്യ വകുപ്പ്, പോലീസ്, ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, കുടുംബശ്രീ, ശുചിത്വമിഷൻ തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ മികച്ച ഏകോപനമാണ് പരിപാടിയെ വൻ വിജയമാക്കിയത്. വരും ദിവസങ്ങളിൽ ബീച്ചിലും പരിസരങ്ങളിലും തീവ്രമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് കാസർകോട് നഗരസഭ സെക്രട്ടറി അറിയിച്ചു.













Leave a Reply