പൂച്ചക്കാട് നിന്ന് കവർന്ന 45 പവൻ സ്വർണ്ണവും പോലീസ് കണ്ടെടുത്തു; തൊണ്ടിമുതൽ കണ്ടെത്തിയത് കണ്ണൂരിൽ നിന്ന്

ബേക്കൽ: പള്ളിക്കര പൂച്ചക്കാട് അരയാൽ തറയിലെ വീട്ടിൽ നിന്നും 45 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ അന്തർസംസ്ഥാന മോഷണക്കേസുകളിലെ സ്ഥിരം പ്രതിയായ തമിഴ്‌നാട് സ്വദേശിയെ ബേക്കൽ പോലീസ് അതിവിദഗ്ദ്ധമായി പിടികൂടി. കോയമ്പത്തൂർ മേട്ടുപ്പാളയം ആലംകൊമ്പ് കരിമൊക്കൈ സ്വദേശി രാജൻ എന്ന നടരാജൻ (61) ആണ് അറസ്റ്റിലായത്. ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവം ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
കഴിഞ്ഞ മെയ് 9-ന് രാവിലെ 6.30-നും മെയ് 10-ന് ഉച്ചയ്ക്ക് 12 മണിക്കും ഇടയിലുള്ള സമയത്താണ് നാടിനെ നടുക്കിയ മോഷണം നടന്നത്. പൂച്ചക്കാട് അരയാൽ തറയിൽ ഹലീമയുടെ വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് 45 പവൻ്റെ സ്വർണ്ണാഭരണങ്ങൾ കവരുകയായിരുന്നു. ഹലീമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെയ് 10-ന് ബേക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ മെയ് 19-നാണ് പ്രതിയായ നടരാജനെ പോലീസ് അറസ്റ്റ് ചെയ്‌തത്‌. ഇയാൾ മുമ്പും നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണ്. കോടതിയിൽ ഹാജരാക്കി റിമാന്റിലായ പ്രതിയെ, കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മെയ് 22-ന് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
തൊണ്ടിമുതൽ കണ്ടെത്തിയത് കണ്ണൂരിൽ നിന്ന്!
പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് തൊണ്ടിമുതൽ ഒളിപ്പിച്ച സ്ഥലം പ്രതി വെളിപ്പെടുത്തിയത്. തുടർന്ന് പ്രതിയുമായി പോലീസ് നടത്തിയ പരിശോധനയിൽ, കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള നേതാജി റോഡിലെ ഒരു രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തുകയായിരുന്നു. മാല, മോതിരം, വള എന്നിവയടങ്ങുന്ന 45 പവൻ സ്വർണ്ണാഭരണങ്ങളും പൂർണ്ണമായും പോലീസ് കസ്റ്റഡിയിലെടുത്തു.
ബേക്കൽ എസ്.എച്ച്.ഒ ശിവം ഐ.പി.എസ്, ഇൻസ്പെക്ടർ അനിൽകുമാർ, സബ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ കെ.വി, അഖിൽ സെബാസ്റ്റ്യൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ റോജൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയതും തൊണ്ടിമുതൽ അതിവിദഗ്ദ്ധമായി കണ്ടെടുത്തതും. പ്രതിയെ തുടർനടപടികൾക്കായി വീണ്ടും കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *