കാസർകോട് ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരിയായ വീട്ടമ്മയ്ക്ക് കണ്ണിന് പരിക്ക്

കാസർകോട്: ജില്ലയിൽ ട്രെയിനിന് നേരെ കല്ലേറ്. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കര പൂച്ചക്കാടാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. കല്ലേറിൽ ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയ്ക്ക് പരിക്കേറ്റു. നീലേശ്വരം ആലിങ്കീഴിൽ പഴനെല്ലിയിലെ പി.വി. കുഞ്ഞികൃഷ്‌ണന്റെ ഭാര്യ അനിത (58)യ്ക്കാണ് പരിക്കേറ്റത്.
വലത് കണ്ണിന് പരിക്കേറ്റ അനിതയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് മംഗളൂരുവിൽ നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന് നേരെയാണ് ആക്രമണം ഉണ്ടായത്. മംഗളൂരുവിൽ നിന്ന് നീലേശ്വരത്തേക്ക് വരികയായിരുന്നു അനിത.
സംഭവത്തിൽ കാസർകോട് റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമിയുടേതെന്ന് സംശയിക്കുന്ന ഒരാളുടെ ദൃശ്യം സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. പ്രതിയെ ഉടൻ തന്നെ കണ്ടെത്താൻ സാധിക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *