കാസർകോട്: സംസ്ഥാനത്ത് തന്നെ ആദ്യമായി പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള സാമൂഹ്യ പഠനമുറിയിലെ വിദ്യാർത്ഥികൾക്കായി ഏകദിന പഠന-വിനോദയാത്രയ്ക്ക് തുടക്കമായി. ഗോത്രവർഗ്ഗ മേഖലയിലെ കുട്ടികൾക്ക് മാനസിക ഉല്ലാസവും പുതിയ അനുഭവങ്ങളും നൽകുന്നതിനൊപ്പം അവരുടെ ആത്മവിശ്വാസവും സാമൂഹിക ഇടപെടൽ ശേഷിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം ട്രൈബൽ പ്രൊമോട്ടർമാരുമായി ജില്ലാ കളക്ടർ നടത്തിയ ആശയവിനിമയത്തിനിടെ ഉയർന്നുവന്ന നിർദ്ദേശമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. നിർദ്ദേശം ഉടനടി പരിഗണിച്ച് പട്ടികവർഗ്ഗ വികസന വകുപ്പ് പദ്ധതി നടപ്പിലാക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ കാസർകോട് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിലുള്ള 10 പഠനമുറികളിൽ നിന്നായി 193 വിദ്യാർത്ഥികളാണ് യാത്ര തിരിച്ചത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പട്ടികവർഗ്ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥരും പഠനമുറി അധ്യാപകരും ഉൾപ്പെടെ 15 ജീവനക്കാരും സംഘത്തോടൊപ്പമുണ്ട്.
രണ്ടാം ഘട്ടം നാളെ; പരപ്പ മേഖലയും ഉടൻ യാത്രാപഥത്തിലേക്ക് പദ്ധതിയുടെ രണ്ടാം ഘട്ടമായി എന്മകജെ, നീലേശ്വരം മേഖലകളിലെ 150 വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള യാത്ര നാളെ നടക്കും. ഇതിന് പിന്നാലെ പരപ്പ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിലുള്ള 34 പഠനമുറികളിലെ വിദ്യാർത്ഥികളെയും ഉടൻ തന്നെ ഈ ഏകദിന യാത്രയുടെ ഭാഗമാക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ജില്ലയിലാകെ 54 സാമൂഹ്യ പഠനമുറികളാണ് പ്രവർത്തിച്ചു വരുന്നത്.
പട്ടികവർഗ്ഗ മേഖലയിലെ കുട്ടികളുടെ പഠന കൊഴിഞ്ഞുപോക്ക് തടയുക, പഠനനിലവാരം ഉയർത്തുക, സർഗ്ഗാത്മക ശേഷികൾ പ്രോത്സാഹിപ്പിക്കുക, ഉയർന്ന ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ മികച്ച വിജയം ഉറപ്പാക്കുക, കരിയർ നൈപുണ്യ പരിശീലനങ്ങൾ നൽകുക തുടങ്ങിയ മികച്ച ലക്ഷ്യങ്ങളോടെയാണ് സാമൂഹ്യ പഠനമുറി പദ്ധതി ജില്ലയിൽ നടപ്പിലാക്കി വരുന്നത്. ഇതിന് കൂടുതൽ ഊർജ്ജം പകരുന്നതാണ് പുതിയ യാത്രാ പദ്ധതി.













Leave a Reply