കാസര്‍കോട് മെഡിക്കല്‍ കോളേജിന് പ്രഥമ പരിഗണന -മുഖ്യമന്ത്രി

തിരുവനന്തപുരം: കാസർകോട് മെഡിക്കൽ കോളേജ് പൂർണ്ണതോതിൽ സജ്ജമാക്കുന്നതിന് സർക്കാരിന്റെ പ്രഥമ പരിഗണനയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മണ്ഡലത്തിലെ വികസന മുരടിപ്പും ജനങ്ങളുടെ ആവശ്യങ്ങളും നേരിട്ട് ബോധ്യപ്പെടുത്താൻ എത്തിയ നിയുക്ത കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ ഹാജിക്കാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച.

ആരോഗ്യരംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലും കാസർകോട് ജില്ല നേരിടുന്ന കടുത്ത പോരായ്മകളും അടിയന്തരമായി നടപ്പിലാക്കേണ്ട ആവശ്യങ്ങളും എം.എൽ.എ മുഖ്യമന്ത്രിയുടെയും വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും ശ്രദ്ധയിൽപ്പെടുത്തി. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനൊപ്പം ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളും ചർച്ചയായി.

മുൻ കാസർകോട് എം.എൽ.എ എൻ.എ. നെല്ലിക്കുന്ന്, അഡ്വ. എ. ഗോവിന്ദൻ നായർ, മാഹിൻ കേളോട്ട്, എം.എ.എച്ച്. മഹമൂദ്, അൻവർ കോളിയടുക്കം, സിദ്ദീഖ് പള്ളിപ്പുഴ എന്നിവരും കല്ലട്ര മാഹിൻ ഹാജിക്കൊപ്പം മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും സന്ദർശിച്ച പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. മണ്ഡലത്തിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാമെന്ന് സന്ദർശനത്തിന് ശേഷം നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *