കാസർകോട് : സ്കൂൾ ക്ലാസ് മുറികളിൽ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കർശന വിലക്കേർപ്പെടുത്തി കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉത്തരവിറക്കി. അധ്യാപകർ ക്ലാസ് സമയങ്ങളിൽ അനാവശ്യമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുട്ടികളുടെ പഠനത്തെയും സ്കൂളുകളുടെ സുഗമമായ പ്രവർത്തനത്തെയും സാരമായി ബാധിക്കുന്നു എന്ന വ്യാപകമായ പരാതികളെ തുടർന്നാണ് ഈ കർശന നടപടി. ഇത് സംബന്ധിച്ച് കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ സവിത പി. സ്കൂൾ പ്രധാനാധ്യാപകർക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ മാർച്ച് മാസം ഓഫീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.ഇ.ഒ-യുടെ നടപടി. പുതിയ ഉത്തരവ് പ്രകാരം അധ്യാപകർ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ക്ലാസ് മുറികളിൽ യാതൊരു കാരണവശാലും മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ ക്ലാസ് മുറികളിലേക്ക് ഫോൺ കൊണ്ടുപോകരുതെന്നും ഉത്തരവിൽ കൃത്യമായി വ്യക്തമാക്കുന്നുണ്ട്.
ഫോൺ ഉപയോഗത്തിന് പുറമെ, സ്കൂൾ സമയങ്ങളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇടപെടുന്നതിനും, അനുവാദമില്ലാതെ ക്ലാസ് റൂമിലെ ദൃശ്യങ്ങളോ കുട്ടികളുടെ ചിത്രങ്ങളോ രഹസ്യമായി പകർത്തുന്നതിനും പൂർണ്ണമായ വിലക്കുണ്ടാകും. വരും ദിവസങ്ങളിൽ വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ സ്കൂളുകളിൽ പ്രത്യേക സന്ദർശനം നടത്തും. ഈ പരിശോധന വേളയിൽ ഉത്തരവ് ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധ്യാപകർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
അധ്യാപകർ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്നും, സോഷ്യൽ മീഡിയയിൽ സജീവമാകുന്നില്ലെന്നും സ്കൂൾ പ്രധാനാധ്യാപകർ (എച്ച്.എം) ഉറപ്പുവരുത്തണമെന്നും ഡി.ഇ.ഒ പുറത്തിറക്കിയ ഉത്തരവിൽ പ്രത്യേകം ഓർമ്മിപ്പിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്താനും ക്ലാസ് മുറികളിലെ അച്ചടക്കം കർശനമാക്കാനുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ പുതിയ നീക്കം.
ക്ലാസ് മുറികളിൽ മൊബൈൽ ഫോണും സോഷ്യൽ മീഡിയയും വേണ്ട; അധ്യാപകർക്ക് കർശന വിലക്കുമായി കാസർകോട് ഡി.ഇ.ഒ.













Leave a Reply