കേരള തീരത്ത് ‘കള്ളക്കടൽ’ പ്രതിഭാസം: കാസർകോട്, കണ്ണൂർ ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിലെ വടക്കൻ തീരങ്ങളിൽ ‘കള്ളക്കടൽ’ പ്രതിഭാസത്തെത്തുടർന്ന് ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. കണ്ണൂർ ജില്ലയിലെ വളപട്ടണം മുതൽ ന്യൂമാഹി വരെയുള്ള തീരങ്ങളിലും, കാസർകോട് ജില്ലയിലെ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള തീരപ്രദേശങ്ങളിലുമാണ് പ്രധാനമായും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്ന് (മേയ് 19) രാവിലെ 08:30 മുതൽ നാളെ (മേയ് 20) ഉച്ചയ്ക്ക് 02:30 വരെ ഈ പ്രദേശങ്ങളിൽ 0.9 മീറ്റർ മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.
കടലാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ തയ്യാറാകണം. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
ഈ സാഹചര്യത്തിൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. കള്ളക്കടൽ പ്രതിഭാസമുള്ള സമയങ്ങളിൽ വള്ളങ്ങൾ കടലിലേക്ക് ഇറക്കുന്നതുപോലെ തന്നെ അപകടകരമാണ് അവ കരയ്ക്കടുപ്പിക്കുന്നതും. അതിനാൽ തിരമാലകൾക്ക് ശക്തികൂടുന്ന ഘട്ടങ്ങളിൽ ഇത്തരം ശ്രമങ്ങൾ ഒഴിവാക്കാൻ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണം. നിലവിൽ ഹാർബറുകളിൽ ഉള്ള ബോട്ടുകളും വള്ളങ്ങളും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടാകാതിരിക്കാൻ സുരക്ഷിത അകലം പാലിച്ച് കെട്ടിയിടണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്.
ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്. ബീച്ചുകളിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൊതുജനങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും സംയുക്തമായി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *