മഞ്ചേശ്വരം: മഞ്ചേശ്വരത്ത് പ്ലസ് ടു വിദ്യാർത്ഥിയും എം.എസ്.എഫ് പ്രവർത്തകനുമായ പതിനേഴുകാരന് പൊലീസിന്റെ മർദനമേറ്റതായി പരാതി. അബ്ദുൽ റജിമാന്റെ മകനായ മുഹമ്മദ് റിഫാസിനാണ് മർദനമേറ്റത്. രാഷ്ട്രീയ വിരോധം തീർക്കാനായി പൊലീസ് സംഘം മനഃപൂർവം ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്.
മർദനത്തെ തുടർന്ന് പരിക്കേറ്റ വിദ്യാർത്ഥിയെ കുമ്പള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി മാതാപിതാക്കൾ നാളെ ബാലാവകാശ കമ്മീഷനും മറ്റ് ഉന്നത അധികാരികൾക്കും ഔദ്യോഗികമായി പരാതി നൽകും.
അതേസമയം, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഹമ്മദ് റിഫാസിനെ എം.എസ്.എഫ്, യൂത്ത് ലീഗ് നേതാക്കൾ സന്ദർശിച്ചു. എം.എസ്.എഫ് നേതാവ് അൻസാർ വോർക്കാടി, യൂത്ത് ലീഗ് മീഞ്ച പ്രസിഡന്റ് റിയാസ്, എ.കെ.എം നൗഫൽ എന്നിവരാണ് ആശുപത്രിയിലെത്തി വിവരങ്ങൾ അന്വേഷിച്ചത്. സംഭവത്തിൽ നീതി ഉറപ്പാക്കാൻ നിയമപരമായ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു.












Leave a Reply