കുമ്പളയിൽ പ്രതിശ്രുത വരന്റെ വേർപാടിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

കുമ്പള: വിവാഹത്തിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വരന്റെ മരണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ കിദൂർ കുണ്ടങ്കേരടുക്ക സ്വദേശി ബി. ജയാനന്ദയുടെ മകൾ പ്രഫുല്ല (26) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വീട്ടുകാർ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു സംഭവം. വീട്ടുകാർ തിരിച്ചെത്തിയപ്പോൾ ഹാളിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ പ്രഫുല്ലയെ കണ്ടെത്തുകയായിരുന്നു.
തമിഴ്‌നാട് സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ മണിയുമായി നാലു മാസം മുൻപാണ് പ്രഫുല്ലയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. മഴക്കാലത്തിന് ശേഷം വിവാഹം നടത്താനായിരുന്നു ഇരു വീട്ടുകാരും ഉറപ്പിച്ചിരുന്നത്. എന്നാൽ ഒരു മാസം മുൻപുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണി ചികിത്സയിലിരിക്കെ മരണമടഞ്ഞു. മണിയുടെ മരണത്തോടെ പ്രഫുല്ല കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
മരണത്തിന് മുൻപ് പ്രഫുല്ല എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ‘തന്റെ മൃതദേഹം പ്രിയതമനെ സംസ്കരിച്ച സ്ഥലത്ത് തന്നെ സംസ്കരിക്കണം’ എന്നായിരുന്നു കുറിപ്പിലെ പ്രധാന ആവശ്യം. ഇക്കാര്യത്തിൽ ഇരു വീട്ടുകാരും തമ്മിൽ ധാരണയിലെത്തിയതായും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ബന്ധുക്കൾ അറിയിച്ചു. മൃതദേഹം നിലവിൽ ജനറൽ ആശുപത്രി മോർച്ചറിയിലാണ്.
സംഭവത്തിൽ കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പ്രഫുല്ലയുടെ ഫോണും ആത്മഹത്യാക്കുറിപ്പും പൊലീസ് കസ്റ്റഡിയിലാണ്. ദേവിയാണ് മാതാവ്. സഹോദരങ്ങൾ: പ്രമോദ് കുമാർ, പ്രമോദിനി. പ്രിയതമന്റെ വേർപാടിൽ സ്വയം ജീവിതം അവസാനിപ്പിച്ച പ്രഫുല്ലയുടെ വിയോഗം നാടിനെ ഒന്നടങ്കം നോവായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *