വിദ്യാനഗറിൽ തീ പടർന്നത് മൂന്ന് മണിക്കൂർ; എരുതുംകടവ് റോഡിൽ ഭീതി പരത്തിയ അഗ്നിബാധ ഒടുവിൽ നിയന്ത്രണവിധേയമാക്കി

കാസർകോട്: വിദ്യാനഗർ എരുതുംകടവ് റോഡ് ചിറ്റാരിക്കുന്നിൽ ഉണ്ടായ വൻ തീപിടുത്തം പ്രദേശവാസികളെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാഴ്ത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ചിറ്റാരിക്കുന്നിലെ ജനവാസ മേഖലയ്ക്ക് സമീപം അഗ്നിബാധയുണ്ടായത്. അഭയം ഡയാലിസിസ് സെൻ്ററിന് സമീപത്തെ പറമ്പിൽ നിന്നുമാണ് തീ പടർന്നത്. കനത്ത ചൂടും ശക്തമായ കാറ്റും കാരണം നിമിഷനേരങ്ങൾക്കുള്ളിൽ തീ ജനവാസ മേഖലയിലേക്ക് വ്യാപിക്കുകയായിരുന്നു.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ കാസർകോട് ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചെങ്കിലും, രക്ഷാപ്രവർത്തനം ആരംഭിക്കാൻ വൈകിയത് ആശങ്ക വർധിപ്പിച്ചു. കാസർകോട് യൂണിറ്റിലെ അഗ്നിശമന സേനാംഗങ്ങൾ ഈ സമയം മറ്റൊരു സ്ഥലത്തെ ട്രാൻസ്ഫോർമർ തീപിടുത്തം അണയ്ക്കാൻ പോയിരിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്താൻ വൈകിയതോടെ നാട്ടുകാർ തന്നെ പ്രാഥമികമായ രീതിയിൽ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കാറ്റിൽ തീ ആളിപ്പടർന്നത് വെല്ലുവിളിയായി.
തുടർന്ന് വിവരമറിഞ്ഞ് ഉപ്പളയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് അതിവേഗം സ്ഥലത്തെത്തി ദൗത്യം ഏറ്റെടുത്തു. പിന്നാലെ കുറ്റിക്കോൽ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘവും രക്ഷാപ്രവർത്തനത്തിനെത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും സംയുക്തമായി നടത്തിയ മൂന്ന് മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. വൻ ദുരന്തം ഒഴിവാക്കാനായതിന്റെ ആശ്വാസത്തിലാണ് നിലവിൽ പ്രദേശവാസികൾ.

Leave a Reply

Your email address will not be published. Required fields are marked *