കാസർകോട് പെരിയ – കുണ്ടംകുഴി റോഡിലെ മൂന്നാംകടവ് വീണ്ടും അപകടക്കെണിയാവുന്നു. ഞായറാഴ്ച രാവിലെ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ സഹോദരിമാർക്ക് ഗുരുതരമായി പരിക്കേറ്റു. പുല്ലൂർ മധുരമ്പാടിയിലെ മഞ്ജുഷയുടെ മക്കളായ കാവ്യ (28), ചൈതന്യ (23) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുണ്ടംകുഴിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ആറു വയസ്സുള്ള കുട്ടിയുമായി പോവുകയായിരുന്നു ഇവർ. മൂന്നാംകടവ് ഇറക്കത്തിൽ എത്തിയപ്പോൾ നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിലുണ്ടായിരുന്ന ആറു വയസ്സുകാരൻ പരിക്കേൽക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
റോഡ് നിർമ്മാണത്തിലെ അപാകതയാണ് ഈ ഭാഗത്ത് അപകടങ്ങൾ പതിവാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ഇതേ സ്ഥലത്ത് അപകടം നടന്നപ്പോൾ നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. അന്ന് സ്ഥലത്തെത്തിയ റവന്യൂ അധികൃതർ തെരഞ്ഞെടുപ്പിന് ശേഷം പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
അധികൃതരുടെ വാഗ്ദാനങ്ങൾ വെറും വാക്കുകളായി അവശേഷിക്കുമ്പോൾ, മൂന്നാംകടവിൽ ഇനിയും എത്ര പേർക്ക് പരിക്കേൽക്കേണ്ടി വരും എന്ന ചോദ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. എത്രയും വേഗം ശാശ്വതമായ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പുല്ലൂര്‍ മധുരമ്പാടിയിലെ മഞ്ജുഷയുടെ മക്കളായ കാവ്യ (28), ചൈതന്യ (23) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്
















Leave a Reply