കാസര്‍കോട് ജില്ലയിലെ ദേശീയപാത യാത്രക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം

ചട്ടഞ്ചാല്‍ മുതല്‍ ചെര്‍ക്കള വരെയുള്ള ദേശീയപാത അടയ്ക്കാനുള്ള തീരുമാനം വോട്ടെടുപ്പ് കഴിയുന്നത് വരെ നീട്ടിവെച്ചു. ആറുവരിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഏപ്രില്‍ ഒന്ന് മുതല്‍ പാത അടയ്ക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.

കാസര്‍കോട്: വോട്ടെടുപ്പ് പ്രക്രിയയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഗതാഗത നിയന്ത്രണം മാറ്റിവെക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. നേരത്തെ മാര്‍ച്ച് 20 മുതല്‍ പാത അടയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പെരുന്നാളും സ്‌കൂള്‍ വാര്‍ഷിക പരീക്ഷകളും പരിഗണിച്ച് ജില്ലാ കളക്ടര്‍ ഇടപെട്ട് ഇത് നീട്ടിവെക്കുകയായിരുന്നു.
ബേവിഞ്ച സ്റ്റാര്‍ നഗറില്‍ കുന്നിടിച്ചും, പഴയ ദേശീയപാത താഴ്ത്തിയുമാണ് ആറുവരിപ്പാത നിര്‍മ്മിക്കുന്നത്. ഇതിനായി ബസ്സുകളും ചരക്കുലോറികളും ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ചന്ദ്രഗിരി റൂട്ട് വഴി തിരിച്ചുവിടാനായിരുന്നു പദ്ധതി.
അതേസമയം, ചെറിയ വാഹനങ്ങള്‍ക്ക് പോകാനായി നിലവില്‍ ഇവിടെ താല്‍ക്കാലിക റോഡ് ഒരുക്കിയിട്ടുണ്ട്. ചട്ടഞ്ചാല്‍ മുതല്‍ നീലേശ്വരം വരെയുള്ള ഭാഗത്തെ നിര്‍മ്മാണ പ്രവൃത്തികള്‍ 45 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ കരാര്‍ കമ്പനിയായ മേഘ എന്‍ജിനീയറിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കുന്നും വളവുകളുമുള്ള ചട്ടഞ്ചാല്‍ മുതല്‍ ചെര്‍ക്കള വരെയുള്ള ഭാഗം പൂര്‍ത്തിയാകാന്‍ ഡിസംബര്‍ വരെ സമയമെടുത്തേക്കും.
നിലവില്‍ ഈ ഭാഗം ഒഴികെയുള്ള മറ്റ് സ്ഥലങ്ങളില്‍ ദേശീയപാത വികസനം വേഗത്തില്‍ പുരോഗമിക്കുകയാണ്. വോട്ടെടുപ്പിന് ശേഷം മാത്രമേ ഈ റൂട്ടില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *