പത്ത് ടീമുകള്‍, ലക്ഷ്യം ഒന്ന്; ഐപിഎല്‍ പൂരത്തിന് ഇന്ന് കൊടിയേറ്റ്

നീണ്ട വര്‍ഷങ്ങളുടെ കിരീടവരള്‍ച്ചയ്ക്ക് വിരാമമിട്ടുകൊണ്ടാണ് 2025 ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സീസണ്‍ അവസാനിപ്പിച്ചത്. കിരീടം നിലനിര്‍ത്തുകയെന്ന ഒറ്റ ലക്ഷ്യവുമായി തങ്ങളുടെ ആദ്യ മത്സരത്തിന് ഇന്ന് സ്വന്തം തട്ടകത്തില്‍ ഇറങ്ങുകയാണ് ആര്‍സിബി. ആദ്യ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദെരാബാദാണ് എതിരാളികള്‍. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി 7:30-നാണ് മത്സരം ആരംഭിക്കുക. ഉദ്ഘടന മത്സരം മാത്രമല്ല, ഐപിഎല്‍ 19-ാം സീസണിന്റെ കലാശപ്പോരിനും വേദിയാകുന്നത് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം തന്നെയാണ്.

വര്‍ണാഭമായ ആഘോഷങ്ങളോ, നൃത്ത പരിപാടികളോ, സംഗീത വിരുന്നോ ഒന്നും തന്നെയില്ലാതെയാണ് ഇന്ന് പുതിയ സീസണ്‍ തുടങ്ങുന്നത്. ആഘോഷ പരിപാടികള്‍ ഒഴിവാക്കി മത്സരം മാത്രം നടത്തിയാല്‍ മതിയെന്നുള്ള തീരുമാനം ബിസിസിഐ നേരത്തെ തന്നെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ബെംഗളൂരു ഐപിഎല്‍ ചാമ്പ്യന്മാരായതിന് പിന്നാലെ ടീമിന്റെ വിജയാഘോഷങ്ങള്‍ക്കിടെ ജൂണ്‍ നാലിന് സ്റ്റേഡിയത്തിന്റെ പരിസരത്തുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ക്ക് ജീവന്‍ നഷ്ട്ടമായിരുന്നു. അവരോടുള്ള ആധാര സൂചകമായാണ് ആഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഒപ്പം സ്റ്റേഡിയത്തില്‍ 11 ഇരിപ്പിടങ്ങള്‍ ഒഴിച്ചിടാന്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും മത്സരത്തിന് മുന്‍പ് പരിശീലനത്തിന് ഇറങ്ങുമ്പോള്‍ എല്ലാ താരങ്ങളും 11-ാം നമ്പര്‍ ജേഴ്സി ധരിക്കുമെന്ന് ടീമും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *