ശ്രീരാജിന്റെ മരണം മസ്തിഷ്‌ക ജ്വരം മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കാസര്‍കോട്: കഴിഞ്ഞ ദിവസം സംശയകരമായ സാഹചര്യത്തില്‍ മരിച്ച യുവാവിന്റെ മരണകാരണം മസ്തിഷ്‌ക ജ്വരം മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മടിക്കൈ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് പ്രമീളയുടെയും കോതോട്ട്പാറയിലെ രാഘവന്റെയും മകന്‍ കാഞ്ഞിരപ്പൊയില്‍ കറുകവളപ്പില്‍ പെരളത്തെ ശ്രീരാജിന്റെ (28) മരണമാണ് മസ്തിഷ്‌ക ജ്വരമൂലമാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യാഴായ്ച്ച പുലര്‍ച്ചെയാണ് വീട്ടിലേക്കുള്ള റോഡരികില്‍ ശ്രീരാജിനെ മരിച്ചനിലയില്‍ കണ്ടത്തിയത്. സംഭവത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ബുധനാഴ്ച്ച രാത്രി 10.30 ഓടെ വീട്ടിലെത്തിയ ശ്രീരാജ് പുറമെനിന്നും ഭക്ഷണം കഴിച്ചുവെന്ന് പറഞ്ഞ് ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ 2 മണിയോടെ മൊബൈല്‍ഫോണ്‍ റിംഗ് ചെയ്യുന്നതുകേട്ട് മുത്തശ്ശി ജാനകി ചെന്നുനോക്കിയപ്പോള്‍ മുറിക്കകത്ത് ലൈറ്റിട്ടിട്ടുണ്ടായിരുന്നുവെങ്കിലും ശ്രീരാജ് മുറിക്കകത്ത് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്. മലപ്പച്ചേരി കോതോട്ടു പാറയിലാണ് ശ്രീരാജിന്റെ അമ്മയും അച്ഛനും സഹോദരനും താമസിക്കുന്നത്. ശ്രീരാജ് മുത്തച്ഛനും മുത്തശ്ശിയോടുമൊപ്പം പെരളത്താണ് താമസം. ഹോസ്ദുര്‍ഗ് എസ് ഐ മാരായ സി പി ജിതേഷ്, ജിതിന്‍, അനന്തകൃഷ്ണന്‍, സിപിഒ കൃപേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *