സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ പരക്കെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഈ മൂന്ന് ജില്ലകളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

സംസ്ഥാനത്തെ മറ്റ് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നൗകാസ്റ്റ് (Nowcast) മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. വൈകുന്നേരം 4 മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്കാണ് ഈ ജാഗ്രതാനിർദേശം ബാധകമായിരിക്കുക.

ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *