കാസർകോട് വിവാഹപപന്തലിൽ വധു കാത്തിരുന്നു, വരൻ മുങ്ങി; ഒടുവിൽ പീഡനക്കേസിൽ നവവരൻ അറസ്റ്റിൽ

കാഞ്ഞങ്ങാട്: വിവാഹദിവസം മണ്ഡപത്തിൽ എത്താത ഒളിവിൽ പോയ നവവരനെ പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് ബളാൽ സ്വദേശിയായ വിഷ്ണു നാരായണനെ(22)യാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിശ്രുത വധു നൽകിയ പീഡന പരാതിയിലാണ് നടപടി.
വിഷ്ണു നാരായണനും യുവതിയും തമ്മിൽ പഠനകാലം മുതൽ പ്രണയത്തിലായിരുന്നു. ഇവരുടെ സൗഹൃദത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാർ പരസ്പര സമ്മതത്തോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. ഈ മാസം 10-നായിരുന്നു ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്.
വിവാഹദിവസം രാവിലെ തന്നെ വധുവും ബന്ധുക്കളും ക്ഷേത്രത്തിലെത്തിയിരുന്നു. എന്നാൽ മുഹൂർത്ത സമയമായിട്ടും വരനും കൂട്ടരും എത്തിയില്ല. ഏറെ വൈകിയതിനെ തുടർന്ന് വരന്റെ വീട്ടുകാർ ക്ഷേത്രത്തിലെത്തുകയും വിഷ്ണു നാരായണനെ കാണാനില്ലെന്ന് അറിയിക്കുകയുമായിരുന്നു. ഇതോടെ വിവാഹ ചടങ്ങുകൾ മുടങ്ങി.
വിവാഹം മുടങ്ങിയതിന് പിന്നാലെയാണ് താൻ പീഡനത്തിനിരയായെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നൽകിയത്. തനിക്കെതിരെ യുവതി പരാതി നൽകിയ വിവരം വിഷ്ണു അറിഞ്ഞിരുന്നില്ല. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് തന്ത്രപരമായി പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *