കൈക്കൂലി ഇടപാട് അസം സ്വദേശിയുടെ അക്കൗണ്ട് വഴി; വൈക്കം സിഐ ഷമീർ ഖാനെതിരെ വിജിലൻസ് കേസ്

കോട്ടയം: വൈക്കം സിഐ പി.എ. ഷമീർ ഖാനെതിരായ കൈക്കൂലി ആരോപണത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. ഗൂഗിൾ പേ വഴി 2.28 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സിഐക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് വിജിലൻസ് ഉടൻ ആഭ്യന്തര വകുപ്പിന് കൈമാറും.

സ്റ്റേഷൻ പരിധിയിലുള്ള ടിപ്പർ, ടോറസ്, ലോറി ഉടമകൾ, മണ്ണ് മാഫിയാ സംഘങ്ങൾ, സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിലെ പ്രതികൾ എന്നിവരിൽ നിന്ന് വ്യാപകമായി പണപ്പിരിവ് നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു വൈക്കം സിഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. നേരിട്ടും യുപിഐ വഴിയും പണം ആവശ്യപ്പെടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

അസം സ്വദേശിയായ ജോഗട്ട് ഗൊഗോയ് എന്നയാളുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയാണ് സിഐ പണമിടപാടുകൾ നടത്തിയിരുന്നതെന്ന് വിജിലൻസ് കണ്ടെത്തി. ആധാർ, പാൻ കാർഡ് രേഖകൾ തരപ്പെടുത്തി കനറാ ബാങ്കിൽ അക്കൗണ്ട് തുറക്കുകയും, മറ്റൊരു ഫോൺ നമ്പറിൽ യുപിഐ സംവിധാനം സജ്ജമാക്കുകയുമായിരുന്നു. പരിശോധനയിൽ അസം സ്വദേശിയുടെ പേരിലുള്ള എടിഎം കാർഡും മൊബൈൽ ഫോണും സിഐയിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു.

കോട്ടയം വിജിലൻസ് പോലീസ് സൂപ്രണ്ട് ആർ. ബിനുവിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി ടി.ആർ. പ്രദീപ് കുമാറും മറ്റ് ഇൻസ്പെക്ടർമാരുമടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. അക്കൗണ്ട് തുടങ്ങിയ വൈക്കത്തെ കനറാ ബാങ്ക് ശാഖ കേന്ദ്രീകരിച്ചും വിജിലൻസ് വിശദമായ പരിശോധന നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *