കൊച്ചി: സർവീസുകൾ മുടങ്ങിയതും വൈകിയതും മൂലം യാത്രക്കാരെ ദുരിതത്തിലാക്കി സ്പൈസ് ജെറ്റ് എയർലൈൻസ്. ദുബായ്- കൊച്ചി വിമാനം 12 മണിക്കൂറോളം വൈകിയതിനും, കൊച്ചി- ഡൽഹി സർവീസ് അവസാന നിമിഷം റദ്ദാക്കിയതിനും പിന്നാലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ യാത്രക്കാരെ കയറ്റിയ ശേഷമാണ് ടേക്ക്ഓഫ് വൈകിയത്. മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ അടച്ചിട്ടിരിക്കേണ്ടി വന്നതോടെ ഒരു യാത്രക്കാരിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു.
അർദ്ധരാത്രിയിൽ അറിയിപ്പില്ലാതെ റദ്ദാക്കൽ
ഇതിനിടെ, കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് സർവീസും റദ്ദാക്കി. ദിവസങ്ങൾക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ രാത്രി 10 മണിക്ക് വിമാനം പുറപ്പെടുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. എന്നാൽ, വൈകുന്നേരം 3 മണിയോടെ വിമാനം പുലർച്ചെ 2 മണിക്ക് മാത്രമേ പുറപ്പെടൂ എന്ന സന്ദേശം യാത്രക്കാർക്ക് ലഭിച്ചു.
എന്നാൽ, ഇതിനുശേഷവും വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ കാണുന്നത് സർവീസ് പൂർണ്ണമായി റദ്ദാക്കിയെന്ന ബോർഡാണ്. അവസാന നിമിഷത്തെ അറിയിപ്പ് യാത്രക്കാരെ കടുത്ത അമർഷത്തിലാക്കി.
വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ
വിമാനം റദ്ദാക്കിയതറിഞ്ഞ് പ്രകോപിതരായ യാത്രക്കാരും എയർലൈൻ ജീവനക്കാരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളിൽ യാത്രക്കാർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥക്കെതിരെ ശക്തമായ രോഷമാണ് യാത്രക്കാർ ഉയർത്തിയത്.
















Leave a Reply