വെള്ളൂർ സ്കൂളിൽ വിദ്യാർത്ഥികൾക്ക് സ്വയം പ്രതിരോധ പരിശീലനം; വിദ്യാഭ്യാസേതര പരിപാടികൾക്ക് തുടക്കം കുറിച്ച് പി.പി ഭാസ്ക‌രൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റ്

പയ്യന്നൂർ: പയ്യന്നൂരിന്റെയും പ്രത്യേകിച്ച് വെള്ളൂരിന്റെയും സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ പി.പി. ഭാസ്‌കരൻ മാസ്റ്ററുടെ സ്മരണാർത്ഥം വിപുലമായ ദ്വിദിന പരിപാടികൾ സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ രൂപീകരിച്ച പി.പി. ഭാസ്ക‌രൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്.

ദ്വിദിന പരിപാടികളുടെ ഭാഗമായി വെള്ളൂർ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു. കാസർഗോഡ് കാറഡുക്ക സ്വദേശിയും അന്താരാഷ്ട്ര ബോക്സിങ് ചാമ്പ്യനുമായ ജയകുമാർ വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസിന് നേതൃത്വം നൽകി. ആത്മവിശ്വാസവും പ്രതിരോധ ശേഷിയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിശീലനത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

തുടർന്ന് ട്രസ്റ്റിന്റെ കീഴിലുള്ള പി.പി.ബി വിദ്യാഭ്യാസേതര പരിപാടികളുടെ ഉദ്ഘാടനം നടന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും ഓപ്പറേഷൻ തൂഫാന്റെ ഹോണററി അംബാസഡറുമായ ഡോക്ടർ കെ.കെ.എൻ. കുറുപ്പ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ചയും പാഠ്യേതര മേഖലകളിലെ നൈപുണ്യ വികസനവും ലക്ഷ്യമിട്ടാണ് ട്രസ്റ്റ് പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

പരിപാടിയിൽ ട്രസ്റ്റ് പ്രതിനിധികൾ, സ്കൂൾ അധികൃതർ, അധ്യാപകർ, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *