ഉസ്‌ബെക്കിസ്ഥാനിലെ സാവരിയയുടെ കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന്

ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വിദ്യാർഥിനിയും ഹരിപ്പാട് സ്വദേശിനിയുമായ സാവരിയ ബസന്തിന്റെ (22) കൊലപാതകത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. മുൻ ആഭ്യന്തരമന്ത്രിയും ഹരിപ്പാട് എം.എൽ.എയുമായ രമേശ് ചെന്നിത്തല സാവരിയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പ്രതിയെ വെറുതെവിടില്ലെന്നും അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പുനൽകി.

സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയുമായ സദറുല്‍ അനമിനെ ഉസ്‌ബെക്കിസ്ഥാന്‍ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

മരണകാരണം തലച്ചോറിലേറ്റ ക്ഷതം

സാവരിയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നു. തലച്ചോറിലെ രക്തസ്രാവമാണ് മരണത്തിന് പ്രധാന കാരണമെന്നാണ് റിപ്പോർട്ട്. തലയ്ക്ക് പിന്നില്‍ രണ്ട് തവണ അടിച്ചതിന്റെ അടയാളങ്ങളുണ്ട്. കൂടാതെ നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ടെന്നും, പുറത്തും വയറ്റിലും ചവിട്ടേറ്റതിന്റെ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ ഫലം കൂടി ലഭ്യമായ ശേഷമേ വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടുകയുള്ളൂ.

മുൻപും ശാരീരിക ഉപദ്രവം ഉണ്ടായി

ജൂലൈ മൂന്നിനാണ് കോളേജ് ഹോസ്റ്റലില്‍ വെച്ച് സാവരിയ കൊല്ലപ്പെട്ടത്. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തില്‍ ബസന്ത് – മിനി സുപ്രഭ ദമ്പതികളുടെ മകളാണ് ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാർഥിനിയായ സാവരിയ. പ്രതി സദറുല്‍ അനം മുമ്പും സാവരിയയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി ഹോസ്റ്റലിലെ സഹപാഠികള്‍ ബുഖാറ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പെണ്‍കുട്ടി താഴെ വീണു എന്ന് പറഞ്ഞാണ് പ്രതി സാവരിയയെ ആശുപത്രിയില്‍ എത്തിച്ചത്. തുടക്കത്തിൽ കുറ്റം സമ്മതിച്ചിരുന്നില്ലെങ്കിലും പിന്നീട് പൊലീസിന്റെ ഇടപെടലോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയായിരുന്നു.

വിചാരണ ഇന്ത്യയിലാകാൻ സാധ്യത

ഉസ്‌ബെക്കിസ്താന്റെയും ഇന്ത്യയുടെയും നയതന്ത്ര കരാര്‍ അനുസരിച്ച്, പ്രതിയും ഇരയും ഇന്ത്യയില്‍ നിന്നുളളവര്‍ ആയതിനാൽ കേസ് വിട്ടുനല്‍കാന്‍ ഇന്ത്യയ്ക്ക് ആവശ്യപ്പെടാനാകും. അതിനാൽ വിചാരണയടക്കമുളള തുടർനടപടികൾ ഇന്ത്യയിലാകാനാണ് സാധ്യത. കേസിന്റെ വിചാരണ കേരളത്തിൽ തന്നെ നടത്തണമെന്ന് പ്രതിയുടെ കുടുംബവും ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *